നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മലപ്പുറം സ്വദേശിയായ 10 വയസുകാരൻ ട്രെയിനിലെ ബാത്ത്റൂമിലേക്ക് പോകുമ്പോൾ പുറത്തേക്കു വീണു മരിച്ചു 

    മലപ്പുറം സ്വദേശിയായ 10 വയസുകാരൻ ട്രെയിനിലെ ബാത്ത്റൂമിലേക്ക് പോകുമ്പോൾ പുറത്തേക്കു വീണു മരിച്ചു 

    രക്ഷിതാക്കൾ കുട്ടിയെ ബാത്റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ് ബാത്റൂമിന്റെ സമീപത്തുനിന്ന്  കുട്ടി തെറിച്ചു വീണത്.

    News18

    News18

    • Share this:
    കോട്ടയം നഗരത്തിനു സമീപം ആണ്  ദാരുണ സംഭവം ഉണ്ടായത്. അന്നലെ രാത്രി 11.30 ന് ആണ് നഗരത്തിൽ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം അപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്നും മലബാർ ഭാഗത്തേക്ക് പോയ രാജ്യറാണി എക്സ്പ്രസിൽ നിന്നാണ് പത്തു വയസ്സുകാരൻ തെറിച്ചുവീണത്. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് ട്രെയിനിൽ നിന്നും വീണത്.

    സംഭവം നടന്ന ഉടൻ ബന്ധുക്കൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി തിരച്ചിൽ നടത്തി. തുടർന്നാണ് മാടമ്പ്കാട് കലുങ്കിന് സമീപത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

    തിരുവനന്തപുരത്തുനിന്നും 13 അംഗങ്ങൾ അടങ്ങിയ സംഘമാണ് മലപ്പുറത്തേക്ക് യാത്രതിരിച്ചത്. രാത്രി പതിനൊന്നരയോടെ മുഹമ്മദ് ഇഷാൻ ബാത്റൂമിൽ പോകണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ബാത്റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ് ബാത്റൂമിന്റെ സമീപത്തുനിന്ന്  കുട്ടി തെറിച്ചു പോയത്.  കാൽവഴുതി ആണ് കുട്ടി തെറിച്ച് പുറത്തേക്ക് വീണത് എന്ന് രക്ഷിതാക്കൾ പൊലീസിനു മൊഴി നൽകി.

    സംഭവം നടന്ന ഉടൻ തന്നെ രക്ഷിതാക്കൾ ചെയിൻ വലിച്ചിരുന്നു. തുടർന്ന് മൂലേടം പാലത്തിനു താഴെയാണ് ട്രെയിൻ നിർത്തിയത്. രക്ഷിതാക്കൾ വിവരം അറിയിച്ചതോടെ നാട്ടുകാരും തിരച്ചിലിൽ പങ്കാളിയായി. വൈകാതെ തന്നെ കലുങ്കിന് അടിയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസിയായ ഒരാളുടെ കാറിലാണ് കുട്ടിയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
    തിരുവനന്തപുരത്ത്  ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം. സംഭവത്തിൽ കോട്ടയം ചിങ്ങവനം പൊലീസ് പരിശോധന നടത്തുന്നുണ്ട്.

    കോട്ടയം ജനറൽ ആശുപത്രിയിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധന നടത്തുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. രാവിലെ തന്നെ പോലീസെത്തി കുട്ടിയുടെ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി. വീഴ്ചയിൽ ഉണ്ടായ പരിക്കാണ് മരണകാരണം എന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തിയത്. കോവിഡ് പരിശോധനയ്ക്കായി  കുട്ടിയുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. വൈകാതെ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.

    കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് കിലോ മീറ്ററുകൾ മാത്രം അകലെയാണ് അപകടമുണ്ടായത്. അർദ്ധരാത്രിയിൽ  ഉണ്ടായ അപകടം നാട്ടുകാരേയും ഞെട്ടിച്ചു. വളരെ വേഗത്തിൽ ഉള്ള തിരച്ചിലാണ് രാത്രി വൈകി നാട്ടുകാരും നടത്തിയത്. സംഭവം നടന്നതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ കോട്ടയത്ത് ഇറങ്ങി. കുട്ടിയുടെ മറ്റു ബന്ധുക്കളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുണ്ട്.

    പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയാക്കിയാൽ മൃതദേഹം സ്വദേശമായ മലപ്പുറം മമ്പാട്ടേക്ക് കൊണ്ടുപോകും. അപകടത്തെ തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് നടപടികൾ വേഗത്തിലാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ യാത്രയിലെ അപകടങ്ങളിലേക്ക് വിരൽചൂണ്ടുന്ന സംഭവമാണ് കോട്ടയത്ത് ഉണ്ടായത്. സംഭവത്തിൽ റെയിൽവേയും പ്രാഥമിക അന്വേഷണം നടത്തി വരികയാണ്. ട്രെയിനിൽ ഏർപ്പെടുത്തേണ്ട സുരക്ഷ കളെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുന്ന സംഭവമായി പത്തുവയസുകാരന്റെ അന്ത്യം.
    Published by:Sarath Mohanan
    First published:
    )}