തിരുവനന്തപുരം: അനാവശ്യ ഫോണ്‍ കോളില്‍ നട്ടം തിരിഞ്ഞ് 108 ആംബുലന്‍സ് സര്‍വ്വീസ്. കഴിഞ്ഞ വര്‍ഷം ലഭിച്ച ഒന്‍പത് ലക്ഷം കോളില്‍ അഞ്ച് ലക്ഷത്തിലധികവും അനാവശ്യ കോളുകളായിരുന്നു. കുട്ടികളുടെ അബദ്ധത്തിലുള്ള കോളുകള്‍ മുതല്‍ കബിളിപ്പിക്കാനായുള്ള കോളുകള്‍ക്ക് വരെ ഇവര്‍ മറുപടി പറയേണ്ടി വരുന്നു എന്നതാണ് പ്രതിസന്ധി.
കോവിഡ് കാലത്ത് കഴിഞ്ഞ ഒരു വര്‍ഷം 9,19,424 ഫോണ്‍ വിളികളാണ് കനിവ് 108 ആംബുലന്‍സ് കണ്ട്രോള് റൂമിലേയേക്ക് എത്തിയത്. പക്ഷേ ഇതില്‍ പകുതിയിലധികവും അനാവശ്യ കോളുകള്‍ ആയിരുന്നു. കൂട്ടികളുടെ ഭാഗത്തു നിന്നുള്ള അബദ്ധത്തിലെ ഫോണ്‍കോള്‍ കൂടാതെ പ്രാങ്ക് കോളും, മിസ് കോളും, മൊബൈല്‍ റീചാര്‍ജും ഗ്യാസ് ബുക്കിംഗും അടക്കമുള്ള ആവശ്യങ്ങള്‍ പറഞ്ഞും കോള്‍ വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വന്ന ആകെ 9,19,424 കോളുകളില്‍ 5,40,571 റോങ് നമ്പര്‍, മിസ് കോള്‍, പ്രാങ്ക് കോളുകള്‍ ഉള്‍പ്പടെയുള്ള അനാവശ്യ കോളുകളായിരുന്നു ഉണ്ടായിരുന്നത്. 431 കോളുകള്‍ വനിതാ ജീവനകാരുള്‍പ്പടെയുള്ളവരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു. മന്ത്രിമാരുടെയും സെലിബ്രിറ്റികളുടെയും ഉള്‍പ്പടെ പേര് പറഞ്ഞു 1,687 പ്രാങ്ക് കോളുകളും വന്നു. ഇത്തരത്തിലെ അനാവശ്യ കോളുകള്‍ കാരണം നെറ്റ് വര്‍ക്ക് തിരക്കുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ജീവന് രക്ഷിക്കാനുള്ള ഫോണ്‍ കോളുകള്‍ പോലും ഇത് വൈകിപ്പിച്ചേക്കും എന്നതാണ് മറ്റൊരു പ്രതിസന്ധി. ഓരോ അത്യാഹിത കോളും ഓരോ ജീവന്റെ വിലയാണ് നല്‍കുന്നത്.
ആകെ വന്ന 9,19,424 കോളുകളില്‍ 2,14,956 കോളുകള്‍ അത്യാഹിതതില്‍പ്പെട്ടവര്‍ക്കും അടിയന്തിര വൈദ്യസഹായം വേണ്ടവര്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കാനായിട്ടുമായിരുന്നു. എന്നാല്‍ 2,46,181 കോളുകള്‍ ഫോണ്‍ വിളിച്ച് മിണ്ടാതെ ഇരിക്കുന്നവരുടേത് ആയിരുന്നു. 108ലേക്ക് വന്ന മിസ്ഡ് കോളുകളുടെ എണ്ണം 1,69,792 ആണ്.
108 എന്നത് അടിയന്തിര വൈദ്യ സഹായത്തിന് ഉപയോഗിക്കുന്ന സേവനം ആയതിനാല്‍ ഇത്തരം കോളുകള്‍ വരുമ്പോള്‍ തിരികെ വിളിച്ച് ആംബുലന്‍സ് സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടി.വി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പടെ വന്ന റോങ് നമ്പര്‍ കോളുകള്‍ 93,858 എണ്ണമാണ്.
മാതാപിതാക്കളുടെ ഫോണുകളില്‍ നിന്ന് കുട്ടികള്‍ 108ലേക്ക് വിളിക്കുന്നതും പതിവ് സംഭവമാണ്. 28,622 കോളുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 108ലേക്ക് വന്നത്. ഇത്തരം സംഭവങ്ങളില്‍ ഈ നമ്പറുകളില്‍ തിരികെ വിളിക്കുകയും രക്ഷിതാക്കളോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യാറുണ്ട്.
ഒരു ദിവസത്തെ ശരാശരി കണക്ക് നോക്കിയാല്‍ 108ലേക്ക് വരുന്ന 3000 കോളുകളില്‍ 2000 കോളുകളും അനാവശ്യ കോളുകള്‍ ആണ്. അനാവശ്യ കോളുകള്‍ വിളിക്കുന്നവര്‍ക്ക് 108 എന്ന സേവനത്തിന്റെ ആവശ്യകതയും 108 സേവനം ദുരയുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍ എന്താണെന്നും പറഞ്ഞുകൊടുക്കാറുണ്ടെന്നും, തുടര്‍ന്നും ഇത്തരം കോളുകള്‍ വന്നാല്‍ ആ നമ്പറുകള്‍ താല്കാലികമായി ബ്ലോക്ക് ആക്കുകയും ചെയ്യാറാണ് ഇപ്പോള്‍.
അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാന്‍ സംസ്ഥാനത്ത് എവിടെ നിന്നും 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. വാഹനാപകടങ്ങള്‍ക്ക് പുറമെ അടിയന്തിര വൈദ്യ സഹായം ആവശ്യമായവര്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാകുന്നതാണെന്നും ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമര്‍ജന്‍സി മാനേജ്മെന്റ് & റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന ഓപ്പറേഷന്‍സ് വിഭാഗം മേധാവി ശരവണന് അരുണാചലം അറിയിച്ചു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.