• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accidents | 48 മണിക്കൂറിനിടെ സംസ്ഥാനത്ത് 11 വാഹനാപകടങ്ങളിലായി 11 പേർ മരിച്ചു; 33 പേർക്ക് പരിക്ക്

Accidents | 48 മണിക്കൂറിനിടെ സംസ്ഥാനത്ത് 11 വാഹനാപകടങ്ങളിലായി 11 പേർ മരിച്ചു; 33 പേർക്ക് പരിക്ക്

സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ അപകടങ്ങളിൽ ഏറെയും ബൈക്ക് യാത്രികർക്കാണ് ജീവൻ നഷ്ടമായത്...

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി വാഹനാപകട പരമ്പര. കഴിഞ്ഞ 48 മണിക്കൂറിനിടെ 11 വാഹനാപകടങ്ങളിലായി 11 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇത്രയും അപകടങ്ങളിലായി 33 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ള്യേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോട്ടയം കടുത്തുരുത്തിയിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപകൻ ഉൾപ്പടെ രണ്ടുപേർ മരിച്ചു. വർക്കലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മാവേലിക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മലപ്പുറത്ത് കല്യാണവീട്ടിൽ പോകാൻ അമ്മയ്ക്കൊപ്പം ഓട്ടോയിൽ കയറുന്നതിനിടെ കാറിടിച്ച് ആറുവയസുകാരി മരിച്ചു.

  കടുത്തുരുത്തിയിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചു

  കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അധ്യാപകനും യുവാവുമാണ് മരിച്ചത്. തലയോലപ്പറമ്പ് ചിരട്ടക്കടവ് കാർത്തിക വീട്ടിൽ സി.കെ ഗോപിയുടെ (റിട്ട.ദേവസ്വം ബോർഡ് കമ്മീഷണർ) മകൻ അനന്തു ഗോപി (28 ), സ്‌കൂട്ടർ യാത്രക്കാരനായ മുട്ടുചിറ പേട്ടയിൽ അമൽ ജോസഫ് (23) എന്നിവരാണ് മരിച്ചത്. കുറുപ്പന്തറ മാഞ്ഞൂർ കണ്ടമലയിൽ രഞ്ജിത്ത് രാജു, ഞീഴൂർ തെക്കേമലയിൽ ജോബി ജോസ് (23) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.15 ഓടെ കടുത്തുരുത്തി - കുറവിലങ്ങാട് റോഡിൽ പാലാകര ഭാഗത്തായിരുന്നു അപകടം.

  വർക്കലയിൽ ബൈക്കിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു

  വർക്കല നടയറ തൊടുവെ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ (22) , ചിലക്കൂർ സ്വദേശി സെയ്‌ദലി (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. എതിർദിശയിൽ അമിതവേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം. ഹരികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും സെയ്‌ദലി - മുഹമ്മദലി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും ആണ് കൂട്ടി ഇടിച്ചു അപകടം ഉണ്ടായത്. ഹരികൃഷ്ണന്‍ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. സെയ്‌ദലിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമായതിനാൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മുഹമ്മദലി പരിക്കുകളോടെ രക്ഷപ്പെട്ടു.

  മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് രണ്ടു മരണം

  മാവേലിക്കരയ്ക്ക് സമീപം കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. കുറത്തികാട് പൊന്നേഴ സോപാനം ജിതിൻ രാജ് (32), പൊന്നേഴ മുണ്ടകത്തിൽ മുകേഷ് ഭവനം മുരളിയുടെ മകൻ മുകേഷ് (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ ഓലകെട്ടിയമ്പലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭർത്താവാണ് മരിച്ച മുകേഷ്. എതിർദിശയിലെത്തിയ വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

  ഉള്ളിയേരിയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു മരണം

  ഉള്ളിയേരി ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ കൊയിലാണ്ടി മൊയ്യമ്പത്ത് വിന്‍രൂപ് (28) തല്‍ക്ഷണം മരിച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സ്കൂട്ടറിലിടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാരും, അത്തോളി പൊലീസും കൊയിലാണ്ടിയിൽ നിന്ന് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

  മലപ്പുറത്ത് വേങ്ങരയ്ക്ക് അടുത്ത് ആറ് വയസുകാരി കാറിടിച്ച് മരിച്ചു

  കല്യാണ വീട്ടിലേക്ക് പോകാന്‍ അമ്മയോടൊപ്പം ഓട്ടോയില്‍ കയറവെ ആറു വയസുകാരി കാറിടിച്ച് മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷര (ആറ്) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടിൽ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്. വിവാഹച്ചടങ്ങിന് പോകാൻ അമ്മക്കൊപ്പം ഓട്ടോയില്‍ കയറുന്നതിനിടെ അമിതവേഗതയിൽ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാർ അക്ഷരയെ ഇടിക്കുകയായിരുന്നു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി അഭിരാമി (13)ക്കും പരിക്കേറ്റു. ഇരുവരേയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷര. അമ്മ: സരിത. സഹോദരൻ: അശ്വരാഗ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

  കാർ ബൈക്കിൽ ഇടിച്ച് അച്ഛനും അഞ്ച് വയസ്സുകാരനും മരിച്ചു

  അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മറ്റൊരു മകന് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങലിന് സമീപം നഗരൂരിൽ ശനിയാഴ്ച രാത്രി 8.15ഓടെയാണ് അപകടം നടന്നത്. കല്ലിംഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45), മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

  കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്

  കോട്ടയം മുട്ടുചിറ പട്ടാളമുക്കില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. കോട്ടയത്തുനിന്ന് വരികയായിരുന്ന ആവേ മരിയ ബസ് പിറവത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ഗുഡ് വില്‍ ബസുമായാണ് കൂട്ടിയിടിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെ ആയിരുന്നു അപകടം. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

  പെരുമ്പാവൂരിൽ അപകടം

  പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. പെരുമ്പാവൂർ എംസി റോഡിൽ കീഴില്ലം ഷാപ്പുംപടിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരന്ന KL-25 P 8577 TATA Altroz എന്ന കാർ KL-40 G 4296 പൾസർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് കാറിലെ തീ അണച്ചത്. അപകടത്തെ തുടർന്ന് കാറിൽ നിന്നും ഓയിൽ ചോർന്നതാണ് തീപിടുത്തത്തിന് കാരണം. കാറിലെ 4 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കാറിനാണ് തീപിടിച്ചത്. അതേസമയം, കാലിന് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അജിത്തിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

  കാറിന് പിന്നിൽ ഇടിച്ച ബൈക്ക് KSRTC ബസ്സിനടിയിലേക്ക് തെറിച്ച് വീണു

  കോഴിക്കോട്: കൊടുവള്ളിയിൽ കാറിനു പിന്നിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസ്സിന് അടിയിൽ അകപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ദേശീയപാതയിൽ കൊടുവള്ളി ബസ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. കൊടുവള്ളി തലപെരുമണ്ണ സ്വദേശി സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നിലുണ്ടായിരുന്ന കാറിന് പിന്നിൽ ഇടിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിനടിയിൽ അകപ്പെടുകയായിരുന്നു. ബൈക്കും യാത്രക്കാരനും ബസ്സിന്റെ ചക്രത്തിന് സമീപം വരെ എത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഏറെ പാടുപെട്ടാണ് ഇയാളേയും ബൈക്കും ബസ്സിനടിയിൽ നിന്ന് പുറത്തെടുത്തത്.

  മുള്ളൂർക്കര അപകടം

  മുള്ളൂർക്കരയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക് പറ്റി. റോഡിൽ വീണ ബൈക്കുകാരനെ കണ്ട് പിന്നിൽ വന്ന ബൈക്ക് യാത്രികൻ നിർത്താൻ ശ്രമിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളെയും ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു.

  തിരൂരിൽ രണ്ട് അപകടങ്ങൾ

  മഴ വീണ്ടും എത്തിയതോടെ തിരൂര്‍ നടുവില്‍ അങ്ങാടിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച രാവിലെ വിവിധ സമയങ്ങളിലായി നിയന്ത്രണം വിട്ട് രണ്ട് ലോറിക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ നാലുമണിയോടെ ആദ്യ അപകടം നടന്നത്. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യം കയറ്റി കുന്നംകുളത്തേക്ക് പോവുകയായിരുന്ന ഇന്‍സുലേറ്റ് ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ലോറിയുടെ ടയര്‍ പൊട്ടുകയും തുടര്‍ന്നും കൈവരി ഇടിച്ച് തകര്‍ത്ത് സമീപത്തെ ഒരു കടയുടെ മുമ്പില്‍ നില്‍ക്കുകയായിരുന്നു അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ അപകടം നടന്ന് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ അപകടം ഈ വളവില്‍ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവിച്ചിച്ചത്. കോഴിക്കോട് ഭാഗത്തു നിന്ന് ചരക്കുമായി തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിയാണ് അപകടത്തില്‍ പെട്ടത്. മഴയില്‍ നിയന്ത്രണം വിട്ട ലോറി വളവിന്റെ മധ്യഭാഗത്ത് മറയുകയായിരുന്നു.
  തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി ലോറിയില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.ഇതോടെ ഈ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു.പിന്നീട് ലോറി റോഡില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചത്.
  Published by:Anuraj GR
  First published: