കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 12 വയസ്സുകാരന് പരുക്ക്. ചെപ്പിലങ്ങോട് മുല്ലപ്പള്ളിയിൽ സനൂബിന്റെ മകൻ അദ്നാൻ ആണ് പരുക്കേറ്റത്. കുട്ടിയുടെ രണ്ട് കാലുകൾക്കും കുത്തേറ്റു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. രാവിലെ സൈക്കിളിൽ വീടിന് പുറത്തിറങ്ങിയ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം വീടിനകത്ത് പന്നിയെ നാട്ടുകാര് പൂട്ടിയിട്ട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മെയ് 25ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കാട്ടുപന്നികളെ ക്ഷുദ്രജീവികൾ ആയി പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാന മന്ത്രിസഭ കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനം.
കാട്ടുപന്നികളെ കൊല്ലുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പന്നികളെ കൊന്ന ശേഷം ശാസ്ത്രീയമായി സംസ്കരിക്കണം എന്നതാണ് നിർദേശം. ഇക്കാര്യം ഉറപ്പുവരുത്താൻ തയ്യാറാകണമെന്നും സർക്കാരിന്റെ നിർദ്ദേശമായി മന്ത്രി എ കെ ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി. കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പന്നികളെ കൊല്ലുന്നു എന്നുകരുതി അതിനെ ഭക്ഷിക്കാൻ അനുമതി നൽകിയാൽ നിയമം ദുരുപയോഗം ചെയ്യപ്പെടും എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.