തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു ജില്ലയിൽ 14 ദുരിതാശ്വാസകേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. 90 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇവ 1000 പേർക്ക് വീതം താമസിക്കാവുന്നതരത്തില്‍ മൂന്നു നിലയുള്ളതാണ്.
സ്‌കൂളിലും മറ്റും ദുരിതാശ്വാസകേന്ദ്രങ്ങൾ ഒരുക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ദുരിതാശ്വാസ കേന്ദ്രങ്ങൾ നിർമിക്കുന്നത്. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് കേന്ദ്രങ്ങൾ നിർമിക്കുന്നത്.
also read:'ഉറ മറച്ചത്'; ആർത്തവം, ലൈംഗികത മറയില്ലാത്ത തുറന്നെഴുത്തുകളുമായി കോളജ് മാഗസീൻ: വിമർശനം ശക്തം
തഴവ (കൊല്ലം), ചെറുതന, മാരാരിക്കുളം (ആലപ്പുഴ), പള്ളിപ്പുറം, തുരുത്തിപ്പുറം (എറണാകുളം), കടപ്പുറം, അഴീക്കോട് (തൃശൂർ), വെട്ടം, പാലപ്പെട്ടി (മലപ്പുറം), കതിരൂർ, ചാലാട് (കണ്ണൂർ), കുഡ്‌ലു, പുല്ലൂർ, മദൂർ (കാസർകോട്) എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പണി ഉടൻ പൂർത്തിയാകും. മുട്ടത്തറ (തിരുവനന്തപുരം), കസബ (കോഴിക്കോട്) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളുടെ നിർമാണം ഉടൻ തുടങ്ങും.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങളും പൊതു അടുക്കള, ജനറേറ്റർ എന്നീ സൗകര്യങ്ങളുണ്ട്. തീരപ്രദേശത്തുനിന്ന് 10 കിലോമീറ്ററിനുള്ളിൽ സർക്കാർ ഭൂമി കണ്ടെത്തിയാണ് നിർമാണം. കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും കേന്ദ്രങ്ങളുടെ പ്രവർത്തനം.
തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ കീഴിൽ ഷെൽറ്റർ മാനേജ്മെന്റ് കമ്മിറ്റിയുമുണ്ടാകും. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളിൽ കേന്ദ്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ സമിതി തീരുമാനിക്കും.
സ്കൂളിൽ വരുന്ന കേന്ദ്രങ്ങൾ സാധാരണ സമയങ്ങളിൽ ക്ലാസ് മുറികളും ഇൻഡോർ ഗെയിം പരിശീലനകേന്ദ്രങ്ങളുമാക്കാം. മറ്റു കേന്ദ്രങ്ങളിൽ വനിതകളുടെ ജിംനേഷ്യം, കൂട്ടായ്മകൾ സംഘടിപ്പിക്കാനുള്ള ഹാൾ എന്നിവയ്‌ക്ക് ഉപയോഗിക്കാം. ദുരന്തസാഹചര്യത്തിൽ ഇവ ഉടൻ ഒഴിവാക്കി ദുരിതാശ്വാസകേന്ദ്രമാക്കാൻ കഴിയണം.
കേന്ദ്രങ്ങളുടെ പരിപാലനം ഷെൽട്ടർ മാനേജ്മെന്റ് കമ്മിറ്റിക്ക് പ്രദേശത്തെ വനിതാ-പുരുഷ സ്വയം സഹായസംഘങ്ങളെ ഏൽപ്പിക്കാം. കേന്ദ്രങ്ങൾ വരുന്ന മേഖലയിൽ ഷെൽറ്റർ മാനേജ്മെന്റ്, തെരച്ചിലും രക്ഷാപ്രവർത്തനവും പ്രഥമശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെ നാട്ടുകാർക്ക് പരിശീലനം നൽകി നാലുതരം എമർജൻസി റെസ്പോൺസ് ടീമുകളും സജ്ജീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.