• HOME
  • »
  • NEWS
  • »
  • kerala
  • »
  • Power Cut| സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം 15 മിനിട്ട് നേരം; നാളെയും തുടർന്നേക്കും

Power Cut| സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം 15 മിനിട്ട് നേരം; നാളെയും തുടർന്നേക്കും

ആശുപത്രികളിലും നഗരപ്രദേശങ്ങളിലും തടസ്സമുണ്ടാകില്ല

  • Share this:
തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവു വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30നും 11.30നും ഇടയിൽ വൈദ്യുതി നിയന്ത്രണമുണ്ടാകും. ‌ 15 മിനിട്ട് നേരമാകും വൈദ്യുതി തടസ്സപ്പെടുക.  നഗരങ്ങളെയും ആശുപത്രി പോലുള്ള അവശ്യ മേഖലകളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയതായി കെഎസ്ഇബി (KSEB) അറിയിച്ചു. നാളെയും വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുണ്ട്.

കൽക്കരി ക്ഷാമം (Coal Shortage) വൈദ്യുതി ഉത്പാദനത്തെ ബാധിച്ചതാണ്  പ്രതിസന്ധിക്കു കാരണം. ഇതോടെ കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞു. ചൂട് കാലമായതിനാൽ വൈദ്യുതി ഉപയോഗം കൂടിയതും പ്രതിസന്ധി വർധിപ്പിച്ചു.

സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയിൽ 10.7 ജിഗാ വാട്ടിൻ്റെ കുറവാണുള്ളത്. വൈകിട്ട് ആറരയ്ക്കും രാത്രി പതിനൊന്നരയ്ക്കും ഇടയിൽ 4580 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യം. ഇതിൽ 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

നിലവിൽ രാജ്യത്ത് 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രാപ്രദേശിൽ നിന്നു സംസ്ഥാനത്തെത്തുകയും കോഴിക്കോട് താപവൈദ്യുതനിലയം പ്രവർത്തനക്ഷമം ആകുകയും ചെയ്താൽ രണ്ടു ദിവസത്തിനുള്ളിൽ  പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

'സമഗ്രവും കാര്യക്ഷമവും'; ഗുജറാത്തിന്റെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി

ഗുജറാത്തിലെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ പ്രശംസിച്ച് കേരള ചീഫ് സെക്രട്ടറി വി പി‌ ജോയ് (Kerala Chief Secretary VP Joy). ഏറെ കാര്യക്ഷമമാണ് ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് സംവിധാനമെന്നും പദ്ധതികളുടെ പുരോഗതിയും ഉദ്യോഗസ്ഥരുടെ സേവനവും ഡാഷ്ബോർഡിൽ കൃത്യമായി വിലയിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികളുടെയും മറ്റും പുരോഗതിയുമായി ബന്ധപ്പെട്ട വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ഗുജറാത്തിൽ എത്തിയതായിരുന്നു ചീഫ് സെക്രട്ടറി. അദ്ദേഹത്തെ കൂടാതെ സ്റ്റാഫ് ഓഫിസർ എൻ എസ് കെ ഉമേഷും ഗുജറാത്തിലെത്തിയിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ഇവരെ ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു.

അദ്ഭുതകരമായ ഒരു സംവിധാനമാണ് ഇതെന്നും വീഡിയോ അവതരണത്തിന് ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. പദ്ധതി നടത്തിപ്പിന്റെ പുരോഗതി, എത്രത്തോളം ആളുകൾ പങ്കാളികളാകുന്നു, ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ ഉൾപ്പെടെ ഇതിലൂടെ നേരിട്ട് അറിയാൻ സാധിക്കും. പ്രാഥമികമായ വിലയിരുത്തലാണ് ഇപ്പോൾ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണ് ഗുജറാത്തിൽ ഇതു നടപ്പാക്കിയത്. പദ്ധതികളുടെ പുരോഗതി അനുസരിച്ച് സ്റ്റാർ റേറ്റിങ്ങും നൽകും. പദ്ധതി നടത്തിപ്പ് നേരിട്ടറിയുന്നതിലൂടെ മുഖ്യമന്ത്രിക്ക് ആവശ്യമെങ്കിൽ ഇടപെടാനും സാധിക്കും. ഡാഷ് ബോർഡ് വഴി സർക്കാർ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം അവിടെ പദ്ധതികളുടെ വേഗം വർധിപ്പിച്ചു. അതു സംസ്ഥാനത്തിന് നേട്ടമായെന്നാണ് വിലയിരുത്തൽ. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. ഈ സംവിധാനം ഗുണപരമാണോ, ഇത് കേരളത്തിലേക്ക് പകര്‍ത്താന്‍ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം.

അതേസമയം, ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ, ഗുജറാത്ത് മാതൃക പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു രാഷ്ട്രീയ വിവാദമായി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Published by:Rajesh V
First published: