പത്തനംതിട്ട: രണ്ട് മുറി മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് 17,044 രൂപ. ബില്ല് നൽകിയതിന് പിന്നാലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച വിഷയം വാർത്തയായതോടെ കണക്ഷൻ പുനസ്ഥാപിച്ചു നൽകി. പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനാണ് ഈ ഷോക്ക് അടിപ്പിക്കുന്ന ബില്ല് കിട്ടിയത്. പരാതി നൽകിയെങ്കിലും ബില്ലടക്കാത്തതിനെ തുടർന്ന് ചൊവ്വാഴ്ച്ച ലൈൻമാൻ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
പിന്നാലെ വിഷയം വാർത്തയായതോടെ ബുധനാഴ്ച രാവിലെ 11 മണിയോടെ കെഎസ്ഇബി മണിപ്പുഴ സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി കണക്ഷൻ പുനസ്ഥാപിച്ചു നൽകി. ആകെ മൂന്ന് എൽഇഡി ബൾബും രണ്ടും ഫാനും മാത്രമുള്ള വീട്ടിലാണ് 17,044 രൂപയുടെ വൈദ്യുതി ബില്ല് എത്തിയത്. സാധാരണ ഗതിയിൽ 400-500 ഇടയിൽ മാത്രം വൈദ്യുതി ബില്ല് വന്നിരുന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയധികം തുക.കൂലിപ്പണിക്കാരനായ വിജയന് ഭീമമായ തുക അടയ്ക്കാൻ കഴിയാതെ വന്നതിന് പിന്നാലെ കെഎസ്ഇബി മണിപ്പുഴ സെക്ഷൻ ഓഫീസിൽ പരാതി നൽകി.
Also read- ഇതിലും ഭേദം…….. മൂന്ന് ബൾബും രണ്ടു ഫാനുമുള്ള രണ്ടുമുറി വീട്ടിൽ കറണ്ട് ചാർജ് 17044 രൂപ
അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. തുടർന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെഎസ്ഇബി ഓഫിസിൽ എത്തി. രണ്ട് ദിവസങ്ങൾക്കകം കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വിജയന്റെ വീട്ടിൽ പിച്ചിരുന്ന മീറ്റർ കൂടാതെ മറ്റൊരു മീറ്റർ കൂടി ബോർഡിൽ സ്ഥാപിച്ചു.
രണ്ട് ദിവസത്തിന് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ രണ്ട് ലൈൻമാൻമാർ എത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്. ഹൃദ്രേോഗിയായ അമ്മയും രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. അതേസമയം വീട്ടിലെ വൈദ്യുത ലൈനിലെ തകരാർ കാരണമായിരിക്കും ബില്ല് കൂടിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electricity bill, KSEB Bill, Pathanamthitta, Thiruvalla