• HOME
 • »
 • NEWS
 • »
 • kerala
 • »
 • 19 YEAR OLD DIES OF BRAIN HEMORRHAGE AFTER COVID VACCINATION IN PATHANAMTHITTA

തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് 19കാരി മരിച്ചു; വാക്സിനേഷൻ കാരണമെന്ന ആരോപണവുമായി വീട്ടുകാർ

സ്കാനിങ്ങിലാണ് തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു

Nova_Sabu

Nova_Sabu

 • Share this:
  പത്തനംതിട്ട; തലച്ചോറിൽ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. വാക്സിനെടുത്തതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് നോവ മരിച്ചത്. ഇതോടെ വാക്സിനേഷൻ കാരണമാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.

  ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോളാണ് അവിടെ നിന്നാണ് നോവ കോവിഷീല്‍ഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം പത്തനംതിട്ടയിലെ വീട്ടിലെത്തിയതോടെയാണ് പനി രൂക്ഷമായത്. രണ്ടു ദിവസം പിന്നിട്ടിട്ടും പനിയും മറ്റ് അസ്വസ്ഥതകളും മാറാതായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഓഗസ്റ്റ് എട്ടിന് ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ഇതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെയോടെ നോവയുടെ മരണം സംഭവിക്കുകയായിരുന്നു. കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു നോവ. അതേസമയം നോവയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകി. വിഷയത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ഡിഎംഒ എ.എല്‍.ഷീജ പറഞ്ഞു.

  രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം മുംബൈയിൽ; മരിച്ചത് രണ്ടു ഡോസ് വാക്സിനുമെടുത്ത 63കാരി

  മുംബൈ: കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച്‌ രാജ്യത്തെ ആദ്യ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 27ന് മരിച്ച സ്ത്രീയിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷൻ വ്യക്തമാക്കുന്നത്. 63കാരിയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത സ്ത്രീയാണ് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചത്. ജൂലൈ ഒടുവിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

  Also Read- ട്രിപ്പിൾ ലോക്ഡൗൺ വാർഡുകൾ 634; ഏഴു ദിവസംകൊണ്ട് മൂന്നിരട്ടി; കൂടുതൽ മലപ്പുറത്ത്; ഇടുക്കിയിൽ പൂജ്യം

  പിന്നാലെയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയത്. ഇവര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജൂലൈ 21നാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മരിച്ചു. ഇവരുടെ കുടുംബത്തിലെ മറ്റ് ആറു പേർക്ക് കൂടി ഡെൽറ്റ പ്ലസ് വകഭേദം പിടിപെട്ടിട്ടുണ്ട്. ഇതിൽ രണ്ടു പേർ കോവിഡ് മുക്തരായി. നാലു പേർ ഇപ്പോഴും ചികിത്സയിലാണ്.

  കോവിഡ് അണുബാധയ്‌ക്ക് മുമ്പ് വീട്ടിൽ ഓക്സിജൻ ചികിത്സ സ്വീകരിക്കുന്ന ഇന്റർസ്റ്റീഷ്യൽ ശ്വാസകോശരോഗത്തിനും ശ്വാസതടസത്തിനും ചികിത്സയിൽ ഇരിക്കവെയാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ചികിത്സിച്ച ഡോ. ഗോമറെ പറഞ്ഞു, അവർ കഴിഞ്ഞ മാസങ്ങളിലൊന്നും യാത്ര ചെയ്തിരുന്നില്ല. വരണ്ട ചുമ, രുചി നഷ്ടപ്പെടൽ, ശരീരവേദന, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ ഇവർ കുത്തിവെച്ചിരുന്നതായും ബിഎംസി പറഞ്ഞു.

  ഈ വർഷം ആദ്യം മഹാരാഷ്ട്രയിലാണ് രാജ്യത്ത് ആദ്യമായി ഡെൽറ്റ പ്ലസ് അഥവാ ‘AY.1’ കോവിഡ് വകഭേദം കണ്ടെത്തിയത്. വളരെ വ്യാപകമായ ഡെൽറ്റ വേരിയന്റിൽ (B.1.617.2) ജനിതകമാറ്റം വന്നതാണ് ഡെൽറ്റ പ്ലസ് വകഭേദം. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിലും മരണങ്ങളിലും നേരിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. പുതിയതായി 6,388 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന മരണ നിരക്കും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 200 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
  Published by:Anuraj GR
  First published:
  )}