'ബാലൂ.... പിണക്കം മാറുമ്പോ വിളിക്ക്; ഏതു നട്ടപ്പാതിരയ്ക്കും ഞാനെത്തും'

News18 Malayalam
Updated: October 5, 2018, 6:20 PM IST
'ബാലൂ.... പിണക്കം മാറുമ്പോ വിളിക്ക്;  ഏതു നട്ടപ്പാതിരയ്ക്കും ഞാനെത്തും'
  • Share this:
വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറുടെ വിയോഗത്തെ കുറിച്ച് സുഹൃത്തും ഗാനരചയിതാവും മാധ്യമപ്രവർത്തകനുമായ ജോയ് തമലത്തിന്റെ വികാര നിർഭരമായ ഫേസ്ബുക്ക് പോസ്റ്റ്.

ബാലു പതിവ് പോലെ തന്നോട് എന്തിനോ പിണങ്ങിയിരിക്കുവാണെന്ന് ജോയി ഫേസ്ബുക്കിൽ കുറിച്ചു. പിണക്കം മാറുമ്പോ വിളിക്ക്.. ഏതു നട്ടപ്പാതിരായ്ക്കാണെങ്കിലും ഞാനെത്തുമെന്നും ജോയ് പറയുന്നു. ബാലുവുമൊത്തുള്ള ആദ്യമ്യൂസിക് വീഡിയോ സഹിതമാണ് പോസ്റ്റ്.

കാളിദാസ് ജയറാം നായകനാവുന്ന ജീത്തു ജോസഫ് ചിത്രത്തിൽ നിന്നും പുറത്തു വന്ന ചില നല്ല നിമിഷങ്ങൾ




ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ ബാലൂ.. നിന്നോട് എന്താ പറയുക.. പതിവുപോലെ നീ എന്നോട് എന്തോ കാര്യത്തിന് പിണങ്ങിയിരിക്കുവാണെന്ന് കരുതുന്നു..ഈ പാട്ട് ചിത്രീകരിക്കുമ്പൊ ലക്ഷ്മി അവളുടെ ക്ലാസിന്റെ മുന്നിലുണ്ടായിരുന്നത് നീ ഓർക്കുന്നുണ്ടോ, നിന്റെ ഹൃദയം മുഴുവൻ അവളായിരുന്നു .. നിന്റെ പുഞ്ചിരിയിൽ പ്രണയം നിറഞ്ഞിരുന്നു.. പിന്നെയും ഉണ്ട് പാട്ടിനുള്ളിലെ വിശേഷം..
എടാ നീ ഓർക്കുന്നുണ്ടോ നമ്മളീ പാട്ടിലൊളിപ്പിച്ച രണ്ട് പേരുകാരെ,നമ്മുടെ സ്വന്തം ഷറഫുദീൻ റാസിക്കും അവന്റെ പ്രിയപ്പെട്ട ഒലീനയും അവരുടെ പേരുകളാണ് നമ്മളെടെത്ത് ഫ്യൂഷനടിച്ചത്. അവരിപ്പൊ കല്യാണമൊക്കെ കഴിഞ്ഞ് സുഖമായിരിക്കുന്നു. ഷറഫന്ന് കോളജിലെ നല്ല ഡാൻസറായിരുന്നു. അവനെകൊണ്ട് പാട്ടിനിടയിൽ തനു ബാലക് ഡാൻസ് ചെയ്യിക്കുയും ചെയ്തിരുന്നു. ഇതുപോലെ എൻ നെഞ്ചിലെ എന്ന പാട്ടിനിടയിലും നമ്മളൊരു പേരൊളിപ്പിച്ചു, ഹസീന എന്നാണ് പേര്,നമ്മുടെ ഷാനൊപ്പം പഠിച്ചിരുന്ന പെൺകുട്ടിയുടെ ചേച്ചിയുടെ പേരാണ് , അവരുടെ കല്യാണക്കുറിയിൽ നിന്നാണ് ആ പേര് ഞാൻ അടിച്ച് മാറ്റി നിനക്ക് തന്നത്. ഷാൻ ഇപ്പൊ ഇഷാൻ ദേവായി തമിഴിലെ പെരിയ സംഗീത കാരനായി. പലപ്പൊഴും നീ ഒന്നും ഓർക്കാറില്ലല്ലോ.. ഈ പാട്ടുകളൊക്കെ നമ്മുടെ ജീവനായിരുന്നില്ലേ..
എന്നെ കൊണ്ട് പാട്ടെഴുതിക്കാൻ ഗാനമേള മത്സരത്തിന് തയ്യാറയതു പോലും നീ മറന്നിരിക്കും. പിണക്കം മാറുമ്പൊ നീ വിളിക്ക് .. അപ്പൊ നമുക്ക് ബാലലീലയിൽ നമ്മടെ ജാനിക്കൊപ്പം കൂടാം..
ലക്ഷ്മി നിനക്കായി കൊണ്ടു വരുന്ന ഫ്രൂട്ട് സലാഡിന്റെ നല്ലൊരു പങ്ക് ഞാൻ അകത്താക്കുകയും ചെയ്യും.. അപ്പൊ മറക്കല്ലേ പിണക്കം മാറുമ്പൊ വിളിക്ക്..
നീ വിളിച്ചാൽ ഏത് നട്ടപ്പാതിരയ്ക്കും ഞാനെത്തും..❤️

കാൽനൂറ്റാണ്ടുകാലം നീണ്ട സൗഹൃദമായിരുന്നു ബാലഭാസ്കറിനും ജോയിക്കും ഇടയിൽ. സംഗീതത്തിലും ജീവിതത്തിലെ നിർണായ നിമിഷങ്ങളിലും നിഴൽ‌പോലെ ജോയിയും ബാലഭാസ്കറിനൊപ്പം ഉണ്ടായിരുന്നു. കോളജ് പഠനത്തിനിടെ ആദ്യ സിനിമാഗാനത്തിന് സംഗീതം നൽകുമ്പോഴും കൺഫ്യൂഷൻ എന്ന പേരിൽ ബാൻഡ് രൂപീകരിക്കുമ്പോഴും ബാലഭാസ്കറിനൊപ്പം ജോയിയും നിന്നു.

ബാലഭാസ്കറിന്റെ സംഗീതത്തെ ജീവസുറ്റതാക്കിയത് ജോയിയുടെ രചനകളായിരുന്നു. ഇരുവരും ചേർന്നുള്ള ഗാനങ്ങളിലും സൗഹൃദത്തിന്റെ ആ 'കെമിസ്ട്രി' കാണാം. ഇടയ്ക്ക് എന്തെങ്കിലും കാരണത്തിന് ബാലഭാസ്കർ ജോയിയോട് പിണങ്ങിയിരിക്കാറുണ്ട്. ഈ വിയോഗവും അതുപോലെ ഒന്നാണെന്ന് വിശ്വസിക്കാനാണ് ജോയ് ഇഷ്ടപ്പെടുന്നത്.


 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍