• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരാണ് സി.പി. സുഗതൻ ? ഒക്ടോബർ 17ന് നിലയ്ക്കലിൽ നടന്നത് എന്ത്?

ആരാണ് സി.പി. സുഗതൻ ? ഒക്ടോബർ 17ന് നിലയ്ക്കലിൽ നടന്നത് എന്ത്?

  • Last Updated :
  • Share this:
    # നീതു രഘുകുമാർ

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതിന് ശേഷം ആദ്യമായി ഒക്ടോബർ 17ന് ശബരിമല നട തുറന്നപ്പോൾ നിലയ്ക്കലിലെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ പ്രക്ഷോഭകരുടെ മുൻപന്തിയിൽ തന്നെ ഹിന്ദു പാർലമെന്റ് നേതാവ് സി.പി. സുഗതനുണ്ടായിരുന്നു. ശബരിമലയിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഞാൻ ഉൾപ്പെടുന്ന സിഎൻഎൻ -ന്യൂസ് 18 ടീം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ അഭിമുഖത്തിനായി ഞങ്ങൾ‌ ശ്രമിച്ചു. എന്നാൽ പ്രയാർ ഗോപാലകൃഷ്ണനോട് ചോദ്യങ്ങൾ ഉന്നയിക്കുന്നതുപോലും സി.പി. സുഗതൻ‌ തടയാൻ ശ്രമിച്ചു.  സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്  ചോദിച്ചപ്പോൾ, നിങ്ങളെന്തിനാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് സുഗതൻ പറഞ്ഞു. പ്രയാർ ഗോപാലകൃഷ്ണൻ മടങ്ങിയശേഷവും ഞങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

    അങ്ങനെ ഒരാളെയാണ് ജനുവരി ഒന്നിന് കേരള സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറായി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസർകോട് വരെ മനുഷ്യമതിൽ തീർക്കുന്നത് കേരളത്തെ ഇരുണ്ടകാലഘട്ടത്തിൽ നിന്ന് കരകയറ്റുന്നത് ലക്ഷ്യമിട്ടാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത് എന്റെ മാത്രം അനുഭവമല്ല. എൻഡിടിവി റിപ്പോർട്ടർ സ്നേഹ കോശിയുടെ ട്വീറ്റ് ഇങ്ങനെ- 'സി.പി. സുഗതൻ, ഞങ്ങളെ (എൻഡിടിവി) തടഞ്ഞവരുടെ കൂട്ടത്തിലുണ്ടായിരുന്നയാൾ, ഇപ്പോൾ‌ തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന വനിതാ മതിലിന്റെ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറായി മുഖ്യമന്ത്രി നിയമിച്ചിരിക്കുകയാണ്. ഓറഞ്ച് ഷാളുമായി എന്റെ പുറകിൽ നിൽക്കുന്നതാണ് സുഗതൻ'

    മുൻപ് ഇത്തരം ആളുകൾ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടാകാമെന്നും എന്നാൽ ഇപ്പോൾ അവർ വരികയും തങ്ങൾ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയുമായിരുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി സുഗതന്റെ നിയമനത്തെ ന്യായീകരിക്കുകയാണ്. എന്നാൽ, വനിതാ മതിൽ നിർമിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്തഭാഷയിൽ വിമർശിന്നു. കേരളീയ സമൂഹത്തെ ചേരിതിരുവുണ്ടാക്കുന്ന നടപടിയാണിത്. സി.പി. സുഗതനെ ചുമതലക്കാരനായി നിയമിച്ചിതിനെയും ചെന്നിത്തല വിമർശിക്കുന്നു.

    അതേസമയം സി.പി. സുഗതന്റെ പ്രതികരണം ഇങ്ങനെ- 'രണ്ടാം നവോത്ഥാനം ലക്ഷ്യമിട്ടാണ് ഞങ്ങളുടെ സംഘടന രൂപീകരിച്ചത്. മുഖ്യമന്ത്രി യോഗത്തിനായി ക്ഷണിച്ചപ്പോൾ പോയി. ഞാൻ ശബരിമലയിൽ പ്രക്ഷോഭകരുടെ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. പക്ഷെ ആരെയും ത‍ടഞ്ഞിട്ടില്ല. ചില മോശം കാര്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നത് തന്നെയാണെങ്കിൽ അത് അംഗീകരിക്കും. ബിജെപി രാഷ്ട്രീയനേട്ടത്തിനായി ശ്രമിക്കുകയാണ്'.

    (നീതു രഘുകുമാർ സിഎൻഎൻ- ന്യൂസ് 18ന്റെ കേരള പ്രതിനിധിയാണ്)

    First published: