തിരുവനന്തപുരം: തിരുവനന്തപുരം മൃശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. വീടും നിര്‍മിച്ച് നല്‍കും. കൂടാതെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജൂലൈ ഒന്നിനായിരുന്നു പാമ്പിന് തീറ്റകൊടുക്കാന്‍ കയറിയ ഹര്‍ഷാദ് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പതിവ് പോലെ പാമ്പുകള്‍ക്ക് തീറ്റകൊടുക്കുന്നതിനും കൂട് വൃത്തിയാക്കുന്നതിനുമായി ഉച്ചയോടെ കൂട്ടില്‍ കയറി. ഇതിനിടെയാണ് രാജവെമ്പാല ഹര്‍ഷാദിനെ കടിച്ചത്.
Also Read-മരംമുറി അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
കടിയേറ്റ് അവശനിലയിലായ ഹര്‍ഷാദ് പാര്‍ക്കിനുള്ളില്‍ തന്നെ കുഴഞ്ഞു വീണു. ശേഷം ഇരുമ്പ് വാതിലില്‍ അടിച്ച് ശബ്ദമുണ്ടാക്കി. ഈ ശബ്ദം കേട്ടാണ് മറ്റ് ജീവനക്കാര്‍ എത്തുന്നത്.
വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഹര്‍ഷാദ് നിലത്ത് കിടക്കുന്നതാണ് കണ്ടത്. സംസാരിക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു അപ്പോള്‍ ഹര്‍ഷാദ്. ജീവനക്കാര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജിവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്പാലയാണുള്ളത്. സാധാരണ വന്യ ജീവികള്‍ക്ക് തീറ്റ കൊടുക്കാന്‍ പോകുമ്പോള്‍ രണ്ട് പേര് ഉണ്ടാകാറാണ് പതിവ്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമേ മൃഗശാലയില്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒറ്റയ്ക്കാണ് ഹര്‍ഷാദ് പാമ്പിനെ പരിചരിക്കാനായി പോയത്.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 2021 ജൂലായ് 21 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തില്‍ സ്പെഷ്യല്‍ ഓണക്കിറ്റ് നല്കാന് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.