• HOME
  • »
  • NEWS
  • »
  • kerala
  • »
  • 20 സര്‍ജന്മാരും 10 അനസ്‌തെറ്റിസ്റ്റുകളും പങ്കെടുത്ത ഇന്ത്യയിലെ ആദ്യ തോളെല്ല് മുതൽ കൈ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് കൊച്ചിയിൽ

20 സര്‍ജന്മാരും 10 അനസ്‌തെറ്റിസ്റ്റുകളും പങ്കെടുത്ത ഇന്ത്യയിലെ ആദ്യ തോളെല്ല് മുതൽ കൈ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് കൊച്ചിയിൽ

തോള്‍ മുതലുള്ള കൈ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വളരെ അപൂര്‍വമാണ്. ഇത് ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയയാണ്.

  • Last Updated :
  • Share this:
    ഇന്ത്യയില്‍ ആദ്യമായി തോളെല്ല് മുതൽ കൈകള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ (shoulder level full arm transplant) വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചിയിലെ അമൃത ആശുപത്രി (amrita hospital). ലോകത്തില്‍ തന്നെ നടത്തുന്ന ഇത്തരത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയയാണിത്. മുമ്പ് മെക്‌സിക്കോയിലും ഫ്രാന്‍സിലുമാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളത്. 20 ശസ്ത്രക്രിയാ വിദഗ്ധരും 10 അനസ്‌തെറ്റിസ്റ്റുകളും 5 പരിശീലന സെഷനുകളുമാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി വന്നത്. 18 മണിക്കൂര്‍ (18 hours) കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അടുത്തിടെയാണ് കൊച്ചിയിലെ അമൃത ആശുപത്രി ഷോള്‍ഡര്‍ ലെവല്‍ ഫുള്‍ ആം ട്രാന്‍സ്പ്ലാന്റ് നടത്തിയത്.

    അമരേഷ് എന്ന യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. വൈദ്യുതാഘാതമേറ്റാണ് അമരേഷിന്റെ കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. 2017 സെപ്റ്റംബറിലായിരുന്നു സംഭവം. അമരേഷിന്റെ കൈകള്‍ക്ക് ധാരാളം ഒടിവുകളും പൊള്ളലും ഏറ്റിരുന്നു. എന്നാല്‍ അമരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഇരുകൈകളും മുറിച്ചുമാറ്റേണ്ടി വന്നു. വലതുകൈ, മുട്ടിന്റെ ഭാഗത്തു നിന്നാണ് മുറിച്ചുമാറ്റിയത്, ഇടതുകൈ തോളില്‍ നിന്നും. കൈകളില്ലാതെയാണ് പിന്നീട് വര്‍ഷങ്ങളോളമുള്ള അമേരേഷിന്റെ യാത്ര.

    അങ്ങനെയിരിക്കെയാണ് വിനോദ് എന്നയാളുടെ കുടുംബം അമരേഷിന് കൈകള്‍ ദാനം ചെയ്യാന്‍ തയ്യാറായത്. വിനോദ് (54) പശ്ചിമേഷ്യയിലായിരുന്നു ജോലി ചെയ്തിരുന്നത്. സ്വന്തം നാടായ കോട്ടയം ജില്ലയിലേക്ക് വരുന്നതിനിടെയാണ് വിനോദിന് വാഹനാപകടം ഉണ്ടായത്. തിരുവനന്തപുരത്ത് വെച്ച് മോട്ടോര്‍ സൈക്കിള്‍ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിന് സംഭവസ്ഥലത്ത് വെച്ചുതന്നെ ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് വിനോദിന്റെ കൈകള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു.

    പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി സെന്റര്‍ മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി സെന്റര്‍ പ്രൊഫസര്‍ ഡോ. മോഹിത് ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ 20 ശസ്ത്രക്രിയാ വിദഗ്ധരും 10 അനസ്തെറ്റിസ്റ്റുകളുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മാരത്തണ്‍ സര്‍ജറി എന്നാണ് ശസ്ത്രക്രിയയെ അവര്‍ വിളിച്ചത്.

    'ഇത് വളരെ കുഴപ്പം പിടിച്ച ഒരു ഓപ്പറേഷന്‍ ആയിരുന്നു. തോള്‍ മുതലുള്ള കൈ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വളരെ അപൂര്‍വമാണ്. ഇത് ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയയാണ്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ശസ്ത്രക്രിയായിരുന്നു ഇത്, '' അയ്യര്‍ പറഞ്ഞു. 2015 ല്‍ അമൃത ആശുപത്രിയില്‍ ഡോ.അയ്യരുടെ നേതൃത്വത്തിലുള്ള സംഘം 30 വയസ്സുള്ള ഒരാളുടെ കൈമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു, രാജ്യത്തെ ആദ്യത്തെ കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയായിരുന്നു അത്.

    രാജ്യത്ത്, ഷോള്‍ഡറില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ്പ്ലാന്റ് ആയതിനാല്‍, മെക്‌സിക്കോയിലും ഫ്രാന്‍സിലും നടന്ന രണ്ട് ട്രാന്‍സ്പ്ലാന്റുകളെക്കുറിച്ചുള്ള ലഭ്യമായ രേഖകള്‍ പരിശോധിച്ചാണ് ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയയ്ക്ക് മുന്‍കൈ എടുത്തത്. അവര്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിന് മുമ്പ്, മൃതദേഹത്തില്‍ നിന്ന് കൈകള്‍ വീണ്ടെടുക്കുന്ന രീതികള്‍ നാല് ടീമുകളും പഠിക്കാന്‍ തുടങ്ങിയിരുന്നു.

    'മരിച്ചയാളുടെ ശരീരത്തില്‍ നിന്ന് അവയവം എങ്ങനെ മുറിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള പരിശീലനം നേടുക അസാധ്യമായിരുന്നു. ഈ വിഷയത്തില്‍ ലഭ്യമായ ലേഖനങ്ങളെല്ലാം ഞങ്ങള്‍ വായിച്ചു. വിനോദിന്റെ ശരീരത്തില്‍ നിന്ന് യഥാര്‍ത്ഥ അവയവങ്ങള്‍ നീക്കം ചെയ്യുന്നതിനു മുമ്പ് ഞങ്ങള്‍ മൃതദേഹങ്ങളില്‍ അഞ്ച് തവണ പരിശീലന സെഷനുകള്‍ നടത്തി, ''ഡോ മോഹിത് ശര്‍മ്മ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.

    മുറിച്ചുമാറ്റിയ കൈകള്‍ തിരികെ കൊണ്ടുവരാന്‍ പ്രത്യേക പെട്ടികളും സംഘം കൊണ്ടുപോയിരുന്നു. അതിലെ പ്രത്യേക പ്രിസര്‍വേറ്റീവുകളിലൊന്ന് ഫ്രഞ്ച് ഡോക്ടര്‍മാരുടെ പക്കല്‍ നിന്ന് കൊണ്ടുവന്നതാണ്, ഇത് അവയവത്തില്‍ ഓക്‌സിജന്‍ സാന്നിധ്യം നിലനിര്‍ത്താനും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാനും സഹായിക്കുന്നതാണ്. 400 മടങ്ങ് കൂടുതല്‍ ഓക്‌സിജന്‍ വഹിക്കാന്‍ ശേഷിയുള്ള പ്രിസര്‍വേറ്ററാണിത്. വിനോദിന്റെ തോളില്‍ നിന്നുള്ള കൈകള്‍ മുറിച്ചു മാറ്റാന്‍ ഒന്നര മണിക്കൂറും കൈമുട്ടിനു താഴെയുള്ള ഭാഗം മുറിച്ചുമാറ്റാന്‍ 20 മിനിറ്റുമാണ് സംഘത്തിന് വേണ്ടിവന്നത്.

    'ഷോള്‍ഡറില്‍ നിന്ന് കൈകള്‍ മുറിച്ചുമാറ്റുന്നത് തികച്ചും സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ഒന്നാമതായി, നെഞ്ച്, കഴുത്ത് എന്നിവയില്‍ നിന്ന് വരുന്ന പേശികള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ട്, '' ശര്‍മ്മ വിശദീകരിച്ചു. കൈകള്‍ മാറ്റിവെയ്ക്കുന്നതിനായി 2022 ജനുവരി 5നാണ് അമരേഷിനെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. ഒരു പ്രധാന ധനമിയും 4-5 വ്യത്യസ്ത ഞരമ്പുകളും ഒന്നിലധികം പേശികളും മസിലുകളും ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. 18 മണിക്കൂറാണ് അമരേഷിന്റെ രണ്ട് കൈകളും മാറ്റിവെയ്ക്കാന്‍ സംഘത്തിന് വേണ്ടിവന്നത്.

    '' ഈ ശസ്ത്രക്രിയ്ക്ക് ഓര്‍ത്തോപീഡിക് സര്‍ജന്മാരുടെയും പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെയും സഹകരണം ആവശ്യമാണ്. വളരെ സൂക്ഷ്മമായ ഞരമ്പുകളും പേശികളും ബന്ധിപ്പിക്കേണ്ടതുണ്ട് '' അയ്യര്‍ പറഞ്ഞു.

    അമരേഷിന്റെ ശസ്ത്രക്രിയ വിജയകരമായെങ്കിലും കൈകളുടെ മുകളിലെ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തുടര്‍ന്നുള്ള രണ്ട് നടപടിക്രമങ്ങളിലൂടെ മാത്രമേ ഇത് പരിഹരിക്കാനാകൂവെന്നും ഡോ.അയ്യര്‍ പറഞ്ഞു. ഒടുവില്‍, ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞ് അമരേഷിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ ലോകമെമ്പാടും 210 കൈ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത്. അതില്‍ 11 ട്രാന്‍സ്പ്ലാന്റുകളും 22 കൈകള്‍ ഫിക്‌സ് ചെയ്യലും നടന്നത് അമൃത ആശുപത്രിയിലാണ്.

    ശസ്ത്രക്രിയയ്ക്ക് ശേഷം ഭക്ഷണം കഴിക്കാനും അടിസ്ഥാന കാര്യങ്ങള്‍ ചെയ്യാനും അമരേഷിന് സാധിക്കുമെങ്കിലും പഴയതുപോലെ ആകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. അമരേഷിന് നേരത്തെ ഉണ്ടായ വൈദ്യുതാഘാതാണ് കൈ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കിയത്. അത്രയും ഉയര്‍ന്ന വൈദ്യുതിയാണ് അദ്ദേഹത്തിന്റെ ഞരമ്പുകളിലൂടെ കടന്നുപോയത്. അത് ഞരമ്പുകള്‍ക്ക് അത്രമാത്രം കേടുപാടുകള്‍ വരുത്തിയിരുന്നു.

    വൈദ്യുതാഘാതങ്ങളില്‍ നിന്ന് അവയവങ്ങളുടെ പൂര്‍ണമായ പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡോ. ശര്‍മ്മ പറയുന്നു. എന്നാല്‍, ഭാരമുള്ളതോ ചൂടുള്ളതോ ആയ സാധനങ്ങള്‍ എടുക്കരുതെന്ന് അമരേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കൈകള്‍ക്ക് ഇപ്പോള്‍ ഒരു വികാരങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ചൂടുള്ള കപ്പ് എടുക്കാന്‍ പാടില്ലെന്നും ശര്‍മ്മ പറഞ്ഞു.

    ശസ്ത്രക്രിയ വിജയകരമായെങ്കിലും അമരേഷിന് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരും. തിണര്‍പ്പ് പോലെ അസാധാരണമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്താനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഡോസ് കൂടിയ മരുന്നുകളാണ് രോഗിക്ക് നിര്‍ദേശിക്കുക. മാത്രമല്ല, കൈകള്‍ക്ക് സ്പർശന ശക്തിയും മറ്റും തിരികെ ലഭിക്കണമെങ്കില്‍, ഒരു വര്‍ഷം മുതല്‍ 18 മാസം വരെ നീണ്ടുനില്‍ക്കുന്ന ഫിസിയോതെറാപ്പിയും വേണ്ടിവരും. അഞ്ച് മണിക്കൂറാണ് ഓരോ ഫിസിയോതെറാപ്പിക്കും വേണ്ടിവരിക.
    Published by:Amal Surendran
    First published: