തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ കേരളത്തിൽ സിറ്റിംഗ് എംഎൽഎമാർ അങ്കത്തിനിറങ്ങുന്നത് അപൂർവമാണ്. സംസ്ഥാനത്തെ
2014വരെയുള്ള ചരിത്രം പരിശോധിച്ചാൽ ആകെ 18 സിറ്റിംഗ് എംഎൽഎമാർ മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായത്. ഇത്തവണ ഇടത്- വലത് മുന്നണികളുടെ സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയത് 9 സിറ്റിംഗ് എംഎൽഎമാരാണ്. എൽഡിഎഫ് ആറ് എംഎൽഎമാരെ ഗോദയിലേക്ക് ഇറക്കിയപ്പോൾ യുഡിഎഫ് പട്ടികയിൽ മൂന്ന് എംഎൽഎമാരാണ് ഇടംനേടിയത്. ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജും മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജോർജ് കൂടി കളത്തിലിറങ്ങിയാൽ മത്സരിക്കുന്ന സിറ്റിംഗ് എംഎൽഎമാരുടെ എണ്ണം 10 ആകും. പരമാവധി സീറ്റുകൾ സമാഹരിക്കുക ലക്ഷ്യമിട്ടാണ് മുന്നണികൾ എംഎൽഎമാരെ 'പ്രസ്റ്റീജ്' പോരാട്ടത്തിന് ഇറക്കിയിരിക്കുന്നത്.
എൽഡിഎഫ് പട്ടികയിലെ സിറ്റിംഗ് എംഎൽഎമാർ - 61. തിരുവനന്തപുരം- സി ദിവാകരൻ (നെടുമങ്ങാട്), 2. പത്തനംതിട്ട- വീണ ജോർജ് (ആറന്മുള), 3. മാവേലിക്കര- ചിറ്റയം ഗോപകുമാർ (അടൂർ), 4. ആലപ്പുഴ- എ എം ആരിഫ് (അരൂർ), 5. പൊന്നാനി- പി വി അൻവർ (നിലമ്പൂർ), 6. കോഴിക്കോട്- എ പ്രദീപ് കുമാർ (കോഴിക്കോട് നോർത്ത്)
യുഡിഎഫ് പട്ടികയിലെ സിറ്റിംഗ് എംഎൽഎമാർ- 31. ആറ്റിങ്ങൽ- അടൂർ പ്രകാശ് (കോന്നി), 2. എറണാകുളം- ഹൈബി ഈഡൻ (എറണാകുളം), 3. വടകര- കെ മുരളീധരൻ (വട്ടിയൂർക്കാവ്)
വീണ ജോർജ്, എ എം ആരിഫ്, എ പ്രദീപ് കുമാർ, ഹൈബി ഈഡൻ എന്നിവർ സ്വന്തം നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്ന ലോക്സഭാ മണ്ഡലങ്ങളിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നതെന്ന പ്രത്യേകതയുമുണ്ട്.
1952ൽ മൂന്ന് സിറ്റിംഗ് എംഎൽഎമാർ1952ൽ മൂന്ന് സിറ്റിംഗ് എംഎൽഎമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായത്. ഇവരിൽ മൂന്നു പേരും വിജയം കണ്ടു. കോട്ടയം രണ്ട് നിയമസഭാ സീറ്റിൽ എംഎൽഎയായിരുന്ന പി ടി ചാക്കോ മീനച്ചിൽ ലോക്സഭാ സീറ്റിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചത്. അന്ന് തിരുവനന്തപുരം ഒന്നിലെ എംഎൽഎയായിരുന്ന ആനി മസ്ക്രീൻ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് പാർലമെന്റിലെത്തി. കണയന്നൂർ എംഎൽഎയും തിരു-കൊച്ചി നിയമസഭാ സ്പീക്കറുമായിരുന്ന കോൺഗ്രസിലെ എ എം തോമസ് എറണാകുളം ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ച് വിജയം നേടി.
1962ലും 1973ലും സി എച്ച്1962ലും 1973ലും സിറ്റിംഗ് എംഎൽഎയായിരുന്ന മുസ്ലിംലീഗിന്റെ സി എച്ച് മുഹമ്മദ് കോയ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയം നേടുകയും ചെയ്തു. താനൂർ എംഎൽഎയായിരിക്കെയാണ് 1962ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി എച്ച് കോഴിക്കോട് സ്ഥാനാർഥിയാകുന്നതും ജയിക്കുന്നതും. 11 വർഷങ്ങൾക്കുശേഷം കൊണ്ടോട്ടി എംഎൽഎയായിരിക്കെ മഞ്ചേരിയിൽ നിന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു.
1984ൽ വക്കവും ആർ എസ് ഉണ്ണിയും1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് എംഎൽഎമാരാണ് ജനവിധി തേടിയത്. കോൺഗ്രസിലെ വക്കം പുരുഷോത്തമനും ആർഎസ്പിയിലെ ആർ എസ് ഉണ്ണിയും. ആറ്റിങ്ങൽ എംഎൽഎയായിരുന്ന വക്കം ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്. സുശീല ഗോപാലനെയാണ് വക്കം പരാജയപ്പെടുത്തിയത്. എന്നാൽ ഇരവിപുരം എംഎൽഎയായിരുന്ന ആർ എസ് ഉണ്ണി കൊല്ലം സീറ്റിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കോൺഗ്രസിലെ എസ് കൃഷ്ണകുമാറാണ് ഉണ്ണിയെ പരാജയപ്പെടുത്തിയത്.
89ൽ ചെന്നിത്തല ജയിച്ചുകയറി, പി ജെ ജോസഫും ബാബു ദിവാകരനും തോറ്റുമടങ്ങി1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സിറ്റിംഗ് എംഎൽഎമാരാണ് ലോക്സഭയിലേക്ക് ഭാഗ്യം പരീക്ഷിച്ചത്. ഹരിപ്പാട് എംഎൽഎയായിരിക്കെ കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിച്ച രമേശ് ചെന്നിത്തല (കോണ്‍ഗ്രസ്) ജയിച്ചുകയറി. എന്നാൽ തൊടുപുഴ എംഎൽഎയായിരുന്ന പി ജെ ജോസഫ് (കേരള കോൺഗ്രസ് ജെ) മൂവാറ്റുപുഴയിലും കൊല്ലം എംഎൽഎയായിരുന്ന ബിബു ദിവാകരൻ (ആർഎസ്പി) കൊല്ലം ലോക്സഭാ മണ്ഡലത്തിലും തോൽവി അറിഞ്ഞു.
98ൽ കാലിടറി ഷൺമുഖദാസ്, വെന്നിക്കൊടി പാറിച്ച് ജോർജ് ഈഡൻ1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് എംഎൽഎമാരാണ് കളത്തിലിറങ്ങിയത്. ബാലുശ്ശേരി എംഎൽഎയായിരുന്ന കോൺഗ്രസ് എസിലെ എ സി ഷൺമുഖദാസ് കണ്ണൂരിൽ തോൽവിയറിഞ്ഞു. കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്ന് ഷൺമുഖദാസിനെ പരാജയപ്പെടുത്തിയത്. അതേസമയം എറണാകുളം എംഎൽഎയായിരുന്ന കോൺഗ്രസിലെ ജോർജ് ഈഡൻ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറി. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോളിനെയാണ് ജോർജ് ഈഡൻ പരാജയപ്പെടുത്തിയത്.
2009ൽ കോൺഗ്രസിന് ട്രിപ്പിൾ 2009 ലാണ് കോൺഗ്രസ് സിറ്റിംഗ് എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നത്. എറണാകുളത്ത് കെവി തോമസും ആലപ്പുഴയില്‍ കെസി വേണുഗോപാലും കണ്ണൂരില്‍ കെ സുധാകരനും അതത് പേരുകളിലുള്ള ലോക് സഭ മണ്ഡലങ്ങളില്‍ തന്നെയാണ് പരീക്ഷണത്തിനിറങ്ങിയത്. മൂന്നു പേരും വിജയിക്കുകയും കെ വി തോമസും കെസി വേണുഗോപാലും കേന്ദ്ര മന്ത്രിമാരാകുകയും ചെയ്തു.
കോൺഗ്രസിനെ 'മാതൃകയാക്കി' എൽഡിഎഫ്; പക്ഷേ...കോണ്‍ഗ്രസ് മൂന്നു തവണയായി അഞ്ച് എംഎല്‍എമാരെ പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് എല്‍ഡിഎഫും എംഎല്‍എമാരെ ഉപയോഗിച്ച് ലോക്സഭ മണ്ഡലം പിടിക്കുക എന്ന തന്ത്രം പ്രയോഗിക്കാനൊരുങ്ങിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുൻ മന്ത്രിമാർ കൂടിയായ രണ്ട് എംഎല്‍എമാരെ ആണ് എൽഡിഎഫ് മത്സരിപ്പിച്ചത്. കോട്ടയത്ത് മാത്യു ടി തോമസും കൊല്ലത്ത് എംഎ ബേബിയും. എന്നാല്‍ രണ്ടുപേരെയും കാത്തിരുന്നത് പരാജയമായിരുന്നു. ഇതോടെ ലോക്സഭയിലേക്ക് മത്സരിച്ച് സിറ്റിങ് എംഎല്‍എമാർ തോറ്റ ചരിത്രവുമുണ്ടായി. സ്വന്തം മണ്ഡലം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ബേബിക്ക് അവിടെ പിന്നിൽ പോയ അവസ്ഥയുണ്ടായെങ്കിലും തന്റെ മണ്ഡലത്തിനു പുറത്തുനിന്നു ജനവിധി തേടിയ മാത്യു ടി തോമസിന് അത്തരമൊരു നാണക്കേട് ഒഴിവായി
കുഞ്ഞാലിക്കുട്ടി കളംമാറ്റിയപ്പോൾ2017 ല്‍ ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗും സിറ്റിംഗ് എംഎൽഎയെ പരീക്ഷിച്ചു. വേങ്ങര എംഎൽഎയായിരിക്കെയാണ് പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ചതും 1,71,038 വോട്ടുകള്‍ക്ക് എല്‍ഡിഫിലെ എംബി ഫൈസലിനെ പരാജയപ്പെടുത്തിയതും.
അധിക ചെലവായി ഉപതെരഞ്ഞെടുപ്പുകൾപ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേരളത്തിന് ഇരട്ടപ്രഹരമേകുന്നതാണ് സിറ്റിംഗ് എംഎല്‍എമാരുടെ സ്ഥാനാര്‍ഥിത്വം. എംഎല്‍എ, എംപി ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആറുമാസത്തിനുള്ളില്‍ ഒരു സ്ഥാനം ഒഴിയണമെന്നതാണ് ജനപ്രാതിനിധ്യ നിയമം. ലോക്സഭയിലേക്ക് മത്സരിക്കുന്ന എംഎല്‍എമാര്‍ വിജയിക്കുകയാണെങ്കില്‍ ആ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് ചുരുക്കം.
അങ്ങനെ വരുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലത്തിലേക്കും 75 ലക്ഷത്തോളം രൂപയാകും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടിവരിക. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, നിരീക്ഷകരുടെ ചെലവ്, ഉദ്യോഗസ്ഥരുടെ യാത്ര, ഭക്ഷണം തുടങ്ങിയവ ഉള്‍പ്പെടെയാണിത്. ഇതിനു പുറമെ ഉപതെരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവും പ്രധാനമാണ്. ഇത്രയധികം എംഎൽഎമാരെ ലോക്സഭാ പോരാട്ടത്തിനിറക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാവുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.