• HOME
 • »
 • NEWS
 • »
 • kerala
 • »
 • Hijab Verdict | 'നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ ഹിജാബ് വിധി തിരുത്തണം': 21 മുസ്ലിം സംഘടനകൾ

Hijab Verdict | 'നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ ഹിജാബ് വിധി തിരുത്തണം': 21 മുസ്ലിം സംഘടനകൾ

''ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരണം''

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഹിജാബ് (Hijab) നിരോധിച്ചുള്ള കർണാടക ഹൈക്കോടതി (Karnataka High Court) വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന ബഹുസ്വരതയുടേയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും നീതിന്യാ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ വിധി തിരുത്താൻ തയാറാകണമെന്നും വിവിധ മുസ്ലിം സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

  പ്രസ്താവനയിൽ പറയുന്നത്- രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെ മേലുള്ള കോടതികളുടെ ഇത്തരം കടന്നുകയറ്റങ്ങൾ ആശങ്കാജനകമാണ്. അധികാരം ഉപയോഗിച്ച് രാജ്യം മുഴുക്കെ ഹിന്ദുത്വ ഫാഷിസം ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കാനും രണ്ടാംകിട പൗരന്മാരാക്കാനും ആസൂത്രിത നീക്കം നടത്തുകയാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളില്‍ പോലും കൈകടത്തി അവരുടെ ചിഹ്നങ്ങളേയും സംസ്‌കാരത്തേയും ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളില്‍ നിന്നുണ്ടാവുന്നത്.

  ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നൽകുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കർണാടക ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഭരണഘടനയിലും നീതി നിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങള്‍ക്ക് ഉള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഈ വിധി കാരണമാവും. ഈ അന്യായ വിധിയിലൂടെ ഹിജാബ് ധരിച്ച് പഠനം നടത്തുന്ന കർണാടകയിലെ വിദ്യാർഥിനികളുടെ തുടർപഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

  Also Read- K-Rail Survey | സംസ്ഥാനത്ത് കെ റെയിൽ സർവേ താത്കാലികമായി നിർത്തിവെച്ചു

  ഇസ്‌ലാമിക വിശ്വാസപ്രകാരം ഭൂരിപക്ഷം വിശ്വാസികളും അനുഷ്ഠിക്കുന്ന ആചാരത്തിനെതിരെ മതഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ച് കോടതി പുതിയ മാതൃക സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ഹിജാബ് തങ്ങളുടെ വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും അവിഭാജ്യ ഘടകമായി കാണുന്ന രാജ്യത്തെ മുസ്ലീം സ്ത്രീകളുടെ വിശ്വാസത്തോടുള്ള കോടതിയുടെ നിസ്സംഗത ഞെട്ടിപ്പിക്കുന്നതാണ്.

  ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരിൽ സ്ത്രീകളെ ആക്രമിക്കപ്പെടുന്നത് തുടരാന്‍ ഈ വിധി ഒരു കാരണമായി വലതുപക്ഷ ഗ്രൂപ്പുകള്‍ ഉപയോഗിക്കുമെന്നതില്‍ ആശങ്കയുമുണ്ട്. അന്യായമായ വിധിക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ സാധ്യതകള്‍ തേടുന്നതിന് ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമായതിനാലും ആർട്ടിക്കിൾ 25 ൻ്റെ നേരിട്ടുള്ള ലംഘനമായതിനാലും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ മേൽക്കോടതികൾ ഈ വിധി തിരുത്താൻ തയ്യാറാവണം. ഒപ്പം ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരണമെന്നും ആവശ്യപ്പെടുകയാണ്.

  പ്രസ്താവനയിൽ ഒപ്പ് വെച്ചവർ

  1. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ജന. സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ)
  2. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (സംസ്ഥാന പ്രസിഡൻ്റ്, ജമാഅത്ത് ഫെഡറേഷൻ)
  3. അഡ്വ. കെ പി മുഹമ്മദ് (ജന. സെക്രട്ടറി, ജമാഅത്ത് ഫെഡറേഷൻ)
  4. മൂവാറ്റുപുഴ അഷ്റഫ് മൗലവി ( സംസ്ഥാന പ്രസിഡൻ്റ്, എസ്ഡിപിഐ)
  5. അബ്ദുശുക്കൂർ മൗലവി (സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജംഇയ്യത്തുൽ ഉലമ എ ഹിന്ദ്)
  6. എ അബ്ദുൽ സത്താർ (സംസ്ഥാന ജന. സെക്രട്ടറി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ)
  7. പ്രൊഫ. ഇ അബ്ദുൽ റഷീദ് (സംസ്ഥാന പ്രസിഡൻ്റ്, മെക്ക)
  8. വി എം ഫത്ഹുദ്ദീൻ റഷാദി. (സംസ്ഥാന പ്രസിഡൻ്റ്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ)
  9. എച്ച് ശഹീർ മൗലവി (സംസ്ഥാന ശൂറ അംഗം, ജമാഅത്തെ ഇസ്‌ലാമി)
  10. കെ എ ഷഫീഖ്. (സംസ്ഥാന ജന. സെക്രട്ടറി, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ)
  11. ബീമാപള്ളി റഷീദ് (സംസ്ഥാന സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  12. ഡോ. വി പി സുഹൈബ് മൗലവി (പാളയം ഇമാം)
  13. പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി(പ്രസിഡൻ്റ്, മുസ്‌ലിം സംയുക്ത വേദി)
  14. ഇലവുപാലം ഷംസുദ്ദീൻ മന്നാനി (സംസ്ഥാന പ്രസിഡൻ്റ്, കെ എം വൈ എഫ്)
  15. സഈദ് മൗലവി വിഴിഞ്ഞം (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം)
  16. കാഞ്ഞാർ അബ്ദുറസാഖ് മൗലവി(ചെയർമാൻ, മുസ്‌ലിം ഏകോപന സമിതി, എറണാകുളം)
  17. പാനിപ്ര ഇബ്രാഹിം മൗലവി (പ്രസിഡൻ്റ്, കേരള ഖത്തീബ് ആൻ്റ് ഖാസി ഫോറം)
  18. അഹമ്മദ് കബീർ ബാഖവി (ചെയർമാൻ, ഇംദാദ് ഫൗണ്ടേഷൻ)
  19. കായിക്കര ബാബു (ചെയർമാൻ, മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി, തിരുവനന്തപുരം)
  20. അഡ്വ. താജുദ്ദീൻ (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ)
  21. ആസാദ് റഹീം (മുസ്‌ലിം ഐക്യവേദി, കൊല്ലം)
  Published by:Rajesh V
  First published: