തിരുവനന്തപുരം: ആറു ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത് 21 പേർക്ക്. മൂന്നുപേരെ കാണാതായിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ മരിച്ചത് പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്. നാലുപേര്‍ക്ക് വീതമാണ് ഇവിടങ്ങളിൽ ജീവൻ നഷ്ടമായത്. കൊല്ലം- 3, കണ്ണൂർ- 3, തൃശൂർ-2, കാസർഗോഡ്- 2 തിരുവനന്തപുരം-1, എറണാകുളം- 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മരിച്ചവരുടെ കണക്ക്. പത്തനംതിട്ട, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ ഒരോരുത്തരെ വീതം കാണാതായി. അതേസമയം, മൂന്നു പേരുടെ മരണം മഴക്കെടുതിയെ തുടർന്നാണെന്ന് ഉറപ്പാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. ജൂലൈ 31 മുതൽ ഇന്നലെ രാത്രിവരെയുള്ള കണക്കാണിത്.
മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്താകെ 365 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. 4520 കുടുംബങ്ങളിലായി 13,122 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ ക്യാംപുകൾ തുറന്നത് തൃശൂരാണ്, 94 എണ്ണം. പത്തനംതിട്ട 78, കോട്ടയം 63, ആലപ്പുഴ- 33, എറണാകുളം 32, കോഴിക്കോട്- 15, വയനാട് - 14, ഇടുക്കി- 11 എന്നിങ്ങനെയാണ് ക്യാംപുകളുടെ കണക്കുകൾ.
അതേസമയം, കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോർഡ് മഴ. 204 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്. 5 ദിവസത്തിൽ പ്രതീക്ഷിച്ചിരുന്ന മഴയെക്കാൾ 126 ശതമാനം കൂടുതലാണ് ഇത്. ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചപ്പോൾ കുറവ് പെയ്തത് തിരുവനന്തപുരത്താണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഒന്നാം തീയതി മുതൽ ഇന്നലെ വരെ 5 ദിവസത്തിൽ ഏറ്റവും ഉയർന്ന മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഐ എം ഡി പ്രവചനപ്രകാരം അഞ്ച് ദിവസം 90.6 ശതമാനം മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചത് 204 മില്ലീമീറ്റർ മഴ. ജില്ല അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. അഞ്ച് ദിവസത്തിൽ 360 മില്ലീമീറ്റർ. പ്രതീക്ഷിച്ചതിനേക്കാൾ 164% കൂടുതലാണ് ഇടുക്കിയിൽ പെയ്തത്. 325 മില്ലീമീറ്റർ മഴ ലഭിച്ച തൃശൂരും, 303 മില്ലീമീറ്റർ മഴ ലഭിച്ച എറണാകുളം ജില്ലയുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ച മറ്റ് ജില്ലകൾ. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.115.2 മില്ലിമീറ്റർ. മഴ രേഖപ്പെടുത്തുന്ന സ്റ്റേഷൻ തിരിച്ചുള്ള കണക്കിൽ, പൊൻമുടി 752 മില്ലീമീറ്ററും, തീക്കോയ് 633 മില്ലീമീറ്ററും അഞ്ച് ദിവസത്തിൽ രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death toll rise, Kerala rain, Rain havoc