• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രിക ബസ് കയറി മരിച്ചു

Accident | കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രിക ബസ് കയറി മരിച്ചു

ജോലിസ്ഥലത്തേക്ക് വരികയായിരുന്ന അഞ്ജലി ബ്രേക്കിട്ടപ്പോള്‍ പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ആ സമയം കോഴിക്കോട്ടുനിന്ന് പോകുന്ന സ്വകാര്യ ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി..

  • Last Updated :
  • Share this:
    കോഴിക്കോട്: കാറിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി ബസ് കയറി മരിച്ചു. വേങ്ങേരി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശന്റെ മകള്‍ അഞ്ജലി(27)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.45ന് കരിക്കാംകുളത്തിനും തഴമ്പാട്ടുപാടത്തിനുമിടയിലാണ് അപകടം നടന്നത്.

    വേങ്ങേരി ഭാഗത്തുനിന്ന് ജോലിസ്ഥലത്തേക്ക് വരികയായിരുന്നു അഞ്ജലി. ബ്രേക്കിട്ടപ്പോള്‍ പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ സമയം കോഴിക്കോട്ടുനിന്ന് പറമ്പിൽ ബസാറിലേക്ക് പോകുന്ന കുനിയിൽ എന്ന സ്വകാര്യ ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിച്ചു.

    മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം അരീക്കാട്ടുള്ള ഭർതൃവീട്ടിൽ സംസ്ക്കരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് അഞ്ജലി. ഭര്‍ത്താവ് വിപിന്‍ സൈനികനാണ്. അര്‍ഥിക, അദ്വിക എന്നീ ഇരട്ടക്കുട്ടികളാണ് അഞ്ജലിക്കുള്ളത്.

    ദേശീയപാതയിലെ കുഴിയിൽ ബൈക്ക് ചാടി തെറിച്ചുവീണ യുവാവ് മരിച്ചു

    തൃശൂർ: ദേശീയ പാതയിലെ കുഴിയിൽ വീണ് പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു.
    കുന്നംകുളം പഴഞ്ഞി സ്വദേശി സനു ജെയിംസാണ്(29) മരിച്ചത്. ചാവക്കാട്-കൊടുങ്ങല്ലൂർ പാതയിൽ തളിക്കുളത്തിന് അടുത്ത് ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സനു ജെയിംസ് ഇന്നലെ രാത്രിയാണ് മരിച്ചത്. ദേശീയ പാതയിൽ തളിക്കുളത്തിനും പത്താംകല്ലിനും ഇടയിലായിരുന്നു അപകടം. സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സനു. അവിവാഹിതനാണ്.

    അപകടത്തിന് പിന്നാലെ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അധികൃതർ ഉടനടി ഇടപെട്ട് കുഴികൾ അടച്ചു. കഴിഞ്ഞ കുറച്ചുകാലമായി ചാവക്കാട്-തളിക്കുളം ഭാഗത്ത് ദേശീയപാത തകർന്ന നിലയിലാണ്. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡിൽ ടൈൽ നിരത്തുന്ന ജോലികൾ തുടർന്നുവരികയായിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം റോഡിലെ കുഴികളിൽ വെള്ളം നിറയുന്നുണ്ട്. ഇതും അപകട കാരണമാകുന്നുണ്ട്. സനു ജെയിംസ് അപകടത്തിൽപ്പെട്ടതിനും കാരണം ഇതുതന്നെയായിരുന്നു.

    'സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നു': എൽദോസ് കുന്നപ്പള്ളിൽ MLA

    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴിയെ ചൊല്ലി നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നുവെന്നും കോൺഗ്രസ് എംൽഎ എൽദോസ് കുന്നപ്പള്ളിൽ അടിയന്തരപ്രമേയ നോട്ടീസിൽ ആഞ്ഞടിച്ചു. റോഡിലെ കുഴികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂസ് 18 നൽകിയ വാർത്ത പരാമർശിച്ചായിരുന്നു എൽദോസ് കുന്നപ്പള്ളി സർക്കാരിനെതിരെ രംഗത്തെത്തിയത്.

    അതേസമയം റോഡിലെ കുഴി പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കാലാവസ്ഥ അടക്കം ഇതിനു കാരണമാണ്. പ്രശ്നം പരിഹരിക്കാൻ മഴക്കാലത്ത് ആസൂത്രണ പ്രവർത്തനങ്ങൾ നടക്കുന്നു. ടാസ്ക് ഫോഴ്സുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കുഴി പോലും ഇല്ലാത്ത റോഡുകളായി മാറണം എന്നാണ് സർക്കാരിൻറെ ആഗ്രഹം. ഘട്ടം ഘട്ടമായി അത് കൈവരിക്കും. കഴിഞ്ഞ ജൂലൈയേക്കാൾ ഇപ്പോൾ റോഡുകളിൽ കുഴി കുറവാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതികൾ സർവകാല റെക്കോർഡോടെ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
    Published by:Anuraj GR
    First published: