തിരുവനന്തപുരം: പാർട്ടിയിൽ 50 ശതമാനം വനിതാ (Woman) പ്രാതിനിധ്യം അനുവദിക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയെ തകർക്കാനാണോ എന്ന് മറുപടി നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുരുഷാധിപത്യ ചിന്താഗതിക്കാരായ മറ്റ് നേതാക്കളും സംസ്ഥാനത്തെ ഐ ടി മേഖലയിലെ (IT Sector) സ്ത്രീ പുരുഷ അനുപാതത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. നിലവിൽ സംസ്ഥാനത്തെ വ്യവസായങ്ങളുടെ നട്ടെല്ലായ ഐടി മേഖലയിലെ 50 ശതമാനത്തോളം ജീവനക്കാരും (Employees) സ്ത്രീകളാണ്.
ഐടി വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്തെ വിവിധ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന 900 കമ്പനികളിലെ 1.2 ലക്ഷം ജീവനക്കാരിൽ 50,000 പേരെങ്കിലും വനിതാ പ്രൊഫഷണലുകളാണെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐടി മേഖലയിൽ എൻട്രി ലെവൽ മുതൽ ഉയർന്ന പദവികളിൽ വരെ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
READ ALSO- Women's Day 2022 | സുരക്ഷ ഉറപ്പ് വരുത്താനായി സ്ത്രീകൾ നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട അഞ്ച് ആപ്പുകൾ
മഹാമാരിയ്ക്ക് ശേഷമാണ് കമ്പനികളിൽ വനിതാ ജീവനക്കാരുടെ എണ്ണം കൂടുതൽ ഉയർന്നത്. ടെക്നോപാർക്കിലെ കമ്പനികളിൽ സൂപ്പർവൈസറി തലത്തിൽ ഏകദേശം 20% സ്ത്രീകളും സീനിയർ മാനേജ്മെന്റ് തലത്തിൽ 10% സ്ത്രീകളും എൻട്രി ലെവലിൽ ഏകദേശം 50% സ്ത്രീകളുമാണ് നിലവിൽ ജോലി ചെയ്യുന്നത്.
ടെക്നോപാർക്കിലെ വനിതാ പ്രാതിനിധ്യം അടുത്ത കാലത്തായി വർദ്ധിച്ചതായി കേരള ഐടി പാർക്ക്സ് ചീഫ് ഫിനാൻസ് ഓഫീസർ ജയന്തി ലക്ഷ്മി വ്യക്തമാക്കി. "കേരളത്തിലെ ഐടി പാർക്കുകൾ വനിതാ ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിലായതിനാൽ അവർക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നു. ഇത് കൂടുതൽ വനിതാ ജീവനക്കാരെ ഐടി മേഖലയിലേക്ക് ആകർഷിക്കുന്നു.
കേരളത്തിലെ എല്ലാ ഐടി പാർക്കുകളിലും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ രാവും പകലും ജോലി ചെയ്യാനുള്ള സൗകര്യവും സുരക്ഷാ സജ്ജീകരണങ്ങളുമുണ്ട്. വനിതാ മുന്നേറ്റങ്ങൾക്കായി ഇവിടെ പ്രവർത്തിക്കുന്ന സംഘടനകളും കൂട്ടായ്മകളും നൽകുന്ന ഊർജവും ചെറുതല്ല. വനിതാ ജീവനക്കാർ കൂടുതൽ ആത്മാർത്ഥയുള്ളവരും ഊർജ്ജസ്വലരും അർപ്പണബോധമുള്ളവരുമാണ് ” ജയന്തി ലക്ഷ്മി പറഞ്ഞു.
READ ALSO- Women's Day | ഇത് അതുല്യാ ദിനേശ്, വയസ്സ് 19; റോപ്പ് ആക്സസ് മേഖലയിലെ കരുത്തുറ്റ സ്ത്രീസാന്നിധ്യം
ടെക്നോപാർക്കിലെ ടെക്വാന്റേജ് സിസ്റ്റംസ് പോലുള്ള കമ്പനികളിൽ 60 ശതമാനത്തിലധികം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. "തന്റെ കമ്പനിയിൽ പ്രധാന സ്ഥാനങ്ങളിൽ വരെ വനിതാ ജീവനക്കാരുണ്ട്. ഞങ്ങളുടെ കമ്പനി 2010ലാണ് പ്രവർത്തനം ആരംഭിച്ചത്. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വനിതാ ജീവനക്കാരെ ഞങ്ങൾ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുകയും ഉയർന്ന സ്ഥാനങ്ങൾ വഹിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു” ടെക്വാന്റേജ് സിസ്റ്റംസ് സഹസ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ജീജ ഗോപിനാഥ് പറയുന്നു.
”ജോലിഭാരം വർദ്ധിക്കുന്നതും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടുപോകാൻ കഴിയാത്തതും സ്ത്രീകളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ സ്ത്രീകളെ ഐടി മേഖലയിലേക്ക് കൊണ്ടുവരികയും അവർക്ക് ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുന്ന തരത്തിൽ കൂടുതൽ കാലം കരിയറിൽ നിലനിർത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ 4% സ്ത്രീകൾ മാത്രമാണ് ഐടി കമ്പനികളിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളത്.
കരിയറിന് ഇടയിൽ അവർക്ക് ബ്രേക്കുകൾ വരുന്നതിനാൽ കൂടുതൽ നൈപുണ്യ പരിശീലനം നൽകേണ്ടതുണ്ട്, ” വനിതാ ഐടി കൂട്ടായ്മയായ വീ - വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജിയുടെ (WE - Women Inclusive in Technology) പ്രസിഡന്റും, റെവിരി ഗ്ലോബലിന്റെ സിഇഒയുമായ ടീന ജെയിംസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.