• HOME
  • »
  • NEWS
  • »
  • kerala
  • »
  • അധ്യാപകരുടെ അനാസ്ഥ: ആറു വയസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

അധ്യാപകരുടെ അനാസ്ഥ: ആറു വയസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

ന്യൂസ് 18 വാർത്തയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

  • Last Updated :
  • Share this:
തിരുവനന്തപുരം: സ്വകാര്യ സ്കൂൾ അധ്യാപകരുടെ അനാസ്ഥ മൂലം ആറു വയസുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് പൂർണമായി നഷ്ടമായത്...

കഴി‍ഞ്ഞ സെപ്റ്റംബർ 3നാണ് സ്കൂളിൽ വച്ച് കുട്ടിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് മുറിവേറ്റത്. അധ്യാപകരോട് പറഞ്ഞപ്പോൾ കണ്ണു കഴുകി ശേഷം ക്ലാസിൽ തുടരാനായിരുന്നു നിർദേശം. തൂവാല വെള്ളം നനച്ച് കണ്ണിൽ തുടയ്ക്കാനും പറഞ്ഞു. കുട്ടിയെ ആശുപത്രയിലെത്തിക്കുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്തില്ല.. വൈകിട്ട് അമ്മ ഗായത്രി സ്കൂളിൽ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്.

Also Read-കോട്ടയത്ത് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

പേരൂർക്കട ആശുപത്രിയിൽ എത്തിച്ചപ്പോൾ അടിയന്തരമായി കണ്ണാശുപത്രിയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ സമയം വൈകിയതോടെ കണ്ണിൽ ഇൻഫെക്ഷനായി. ഇപ്പോള്‍ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായിരിക്കുകയാണ്.

മ്യൂസിയം പൊലീസിൽ അച്ഛൻ കെ സുമേഷ് പരാതി നൽകിയിരുന്നുവെങ്കിലും പ്രിൻസിപ്പലും അധ്യാപകരുമെത്തി വിഷയം ഒത്തുതീർപ്പാക്കി. ശ്രീഹരിയുടെ ചേച്ചിയും ഈ സ്കൂളിലാണ് പഠിക്കുന്നത്. പരാതിയുമായി മുന്നോട്ട് പോകരുതെന്നും, ചികിത്സയ്ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാമെന്നും സ്കൂൾ അധികൃതർ വാഗ്ദനം ചെയ്തതോടെ പരാതി പിൻവലിക്കുകയായിരുന്നു.

ന്യൂസ് 18 വാർത്തയെ തുടർന്ന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അധ്യാപകരുടെ അനാസ്ഥ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് കമ്മീഷൻ ചെയര്‍മാന്‍ പി.സുരേഷ് അറിയിച്ചത്.

Also Read-NEPAL TRAGEDY|മാധവ് നാട്ടിലെത്തി; മാതാപിതാക്കളും കുഞ്ഞു സഹോദരനും ഇനി ഒരിക്കലും വരില്ലെന്നറിയാതെ

കുട്ടിയുടെ കാഴ്ച തിരികെക്കിട്ടാൻ വിദഗ്ധ ശസ്ത്രക്രിയ വേണം. ഓട്ടോ ഡ്രൈവറായ സുമേഷിന്റെ തുച്ഛമായ വരുമാനം നിത്യചെലവിന് പോലും തികയുന്നില്ല. സഹായം തേടി സ്കൂൾ ചെയർമാനെ സമീപിച്ചപ്പോൾ സഹായിക്കാനാകില്ലെന്നായിരുന്നു മറുപടി. നാലു മാസമായി ശ്രീഹരിക്ക് സ്കൂളിൽ പോകാനായിട്ടില്ല. സ്കൂൾ മാനേജ്മെന്റിന്റെ കണ്ണിൽച്ചോരയില്ലാത്ത നടപടിയിൽ തകർന്നിരിക്കുകയാണ് ശ്രീഹരിയും കുടുംബവും..
First published: