• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കേരളത്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച വിമോചന സമരത്തിന് അറുപതാണ്ട്

വിമോചന സമരം ശക്തമായതിനു പിന്നാലെ ഗവർണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1959 ജൂലൈ 31-ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു.

news18
Updated: July 31, 2019, 11:43 AM IST
കേരളത്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച വിമോചന സമരത്തിന് അറുപതാണ്ട്
വിമോചന സമരം ശക്തമായതിനു പിന്നാലെ ഗവർണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1959 ജൂലൈ 31-ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു.
 • News18
 • Last Updated: July 31, 2019, 11:43 AM IST IST
 • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയ വിമോചന സമരത്തിന് ഇന്ന് അറുപതാണ്ട്. വിമോചന സമരത്തെ തുടര്‍ന്ന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് നിലംപതിച്ചത്. സമരത്തിനു പിന്നാലെ ഗവർണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  1959 ജൂലൈ 31-നാണ് സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടത്. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച ആദ്യ സംഭവവും ഇതായിരുന്നു.

അഞ്ച് സ്വതന്ത്രരുടെ കൂടി പിന്തുണയിൽ 1957 ഏപ്രില്‍ അഞ്ചിനാണ് ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അധികാരത്തിലെത്തി അഞ്ച് ദിവസത്തിനുള്ളില്‍ കുടിയേറ്റ നിരോധന നിയമം കൊണ്ടു വരികയും വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സമൂല മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങളൊക്കെ വിവിധ മതസംഘടനകളെ അസ്വസ്ഥരാക്കി. എന്നാല്‍  പ്രദേശിക തലങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ അധികാര കേന്ദ്രങ്ങളായുള്ള സെല്‍ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന പ്രതീതി ജനങ്ങൾക്കിടയിൽ വ്യാപകമായി. പ്രാദേശികമായി പാർട്ടി ഓഫീസുകൾ സർക്കാർ ഓഫീസുകളായും പൊലീസ് സ്റ്റേഷനുകളായും പ്രവർത്തിക്കുന്നെന്ന ആക്ഷേപമാണ് അന്ന് ഉയർന്നു വന്നത്. ഇതിനിടെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ആന്ധ്രാ അരി കുംഭകോണവും ഉയർന്നു വന്നു.  ആരോപണത്തെ കുറിച്ച്  ജസ്റ്റിസ് രാമൻ നായർ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ സർക്കാരിനു നഷ്ടമുണ്ടായെന്നു  കണ്ടെത്തിയെങ്കിലും  നടപടിയെടുക്കാൻ ഇ.എം.എസ് മന്ത്രിസഭ തയാറായില്ല.

ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1957 ല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരണ സമരവും വിമോചന സമരത്തിനു ശക്തി പകര്‍ന്നു. കേവലം ഒരു വിദ്യാര്‍ത്ഥി സമരം എന്നതിലുപരി സര്‍ക്കാരിനെ താഴെയിറക്കാന്‍ നടന്ന വിമോചനസമരത്തിന്റെ ശക്തിവര്‍ധിപ്പിക്കുന്ന വാതിലായിരുന്നു ഒരണസമരമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പോലും പിന്നീട് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതിനിടെ എന്‍.എസ്.എസും കത്തോലിക്കാ സഭയും ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരെ തിരിഞ്ഞു. മന്നത്തു പദ്മനാഭന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, ഫാ. വടക്കന്‍ എന്നിവരായിരുന്നു സമരത്തിന്റെ നേതൃനിരയില്‍.

ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതില്‍ വന്‍അഴിമതി നടന്നെന്ന വാര്‍ത്തകൂടി പുറത്തു വന്നതോടെ സര്‍ക്കാരിനെതിരെ കലപാക്കൊടി ഉയര്‍ന്നു. 1959 ജൂലൈ 13 മുതലാണ് വ്യാപക പ്രതിഷേധവും സമരവും ആരംഭിച്ചത്. ഇതിനിടെ അങ്കമാലിയില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ 15 വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴു പേരും തിരുവനന്തപുരത്ത് ഫ്‌ളോറി എന്ന ഗര്‍ഭിണിയും കൊല്ലപ്പെട്ടു. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നിന്നു തിരുവനന്തപുരത്തേക്കു ജാഥ നടത്തി.

ഇതിനിടെ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. അങ്ങനെ വിമോചന സമരത്തിന്റെ അമ്പത്തിയെട്ടാം ദിനത്തില്‍ കേരളത്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. ആറുമാസം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു.

Loading...

Also Read മരണം മുന്നില്‍ കണ്ടുള്ള യാത്ര, നരക യാതന അനുഭവിച്ച് അമേരിക്കൻ സ്വർഗം തേടിപ്പോകുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാർ

First published: July 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...