മാഹിയിൽ നിന്നും എറണാകുളത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 6000 ലിറ്റർ ഡീസൽ പോലീസ് പിടികൂടി. തലശ്ശേരി എ.എസ്.പി. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മാഹിയിലെ മൂലക്കടവ് ഐ.ഒ.സി. പെട്രോള്‍ പമ്പില്‍ നിന്നും എറണാകുളത്തേക്ക് മറിച്ച് വില്പന നടത്തുന്നതിനായി കൊണ്ടുപോവുകയായിരുന്ന ഡീസലാണ് പിടികൂടിയത്.
ടാങ്കര്‍ ലോറിയുടെ ഡ്രൈവറായ എറണാകുളം സ്വദേശി ആള്‍ഡ്രിന്‍ ആന്‍റണി (26) യെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. KL 64 J 2142 ടാങ്കര്‍ ലോറിയിലാണ് 6000 മീറ്റർ ഡീസൽ കടത്താൻ ശ്രമിച്ചത്. പോലീസ് പരിശോധനയ്ക്കിടയിൽ കൈ കാണിച്ചു എങ്കിലും വാഹനം നിർത്താതെ പോവുകയായിരുന്നു. ടാങ്കർ ലോറിയെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്.
ന്യൂ മാഹി സബ്ബ് ഇന്‍സ്പെക്ടര്‍ വിപിന്‍ ടി.എം., എ.എസ്.ഐ. സഹദേവന്‍, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജേഷ്, സുജേഷ്, സിവിൽ പോലീസ് ഓഫീസർ ലിംനേഷ് തുടങ്ങിയവരും ഡീസല്‍ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
മാഹിയിലെ പള്ളൂര്‍ പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി ടാങ്കര്‍ ലോറികളില്‍ ഡീസല്‍ കടത്തികൊണ്ടുപോകുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.
കണ്ണൂർ കൊടിയേരിയിൽ വെച്ച് അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച ഡീസൽ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.
കോടിയേരിയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് KL 39 Q 3104 ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 12000 ലിറ്റര്‍ ഡീസൽ പോലീസ് പിടികൂടിയത്. പെട്രോള്‍ ഉല്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള യാതൊരു രേഖകളും വാഹനത്തില്‍ ഉണ്ടാരിരുന്നില്ല. പ്രതികള്‍ മാഹിയിലെ മൂലക്കടവ് ഐ.ഒ.സി. പെട്രോള്‍ പമ്പില്‍ നിന്നും എറണാകുളത്തേക്ക് മറിച്ച് വില്പന നടത്തുന്നതിനായി കൊണ്ടു പോവുകയായിരുന്നു ഡീസല്‍ തന്നെയാണ് കഴിഞ്ഞദിവസവും പോലീസ് പിടികൂടിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വിഷ്ണു ലാല്‍ ആര്‍.എല്‍. (29) സഹായികള്‍ ആയ പയ്യാവൂർ സ്വദേശി ആല്‍വിന്‍ സി.എ., (25) , എറണാകുളം മുനമ്പം സ്വദേശി ഫ്രോലിന്‍ ജോസഫ്, (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ രീതിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഡീസൽ ചൊക്ലി പോലീസ് പിടികൂടിയിരുന്നു. തലശ്ശേരി എ.എസ്.പി. വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ആയിരുന്നു അന്നും പരിശോധന നടത്തിയത്. പന്ത്രണ്ടായിരം ലിറ്റർ ഡീസൽ ആണ് ചൊവ്വാഴ്ച പിടിച്ചെടുത്തത്. KL 63 F 6865 നമ്പർ ടാങ്കര്‍ ലോറി സഹിതം രണ്ടു പേരാണ് പിടിയില്‍ ആയത്.
വാഹനത്തിൻറെ ഡ്രൈവർ പാലക്കാട് കൊല്ലംകോട് സ്വദേശി കെ കൃഷ്ണദാസ് ( 37 ) സഹായി പാലക്കാട് നെന്മാറ സ്വദേശി എംഡി ബേബി (54) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്. ഇവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
മാഹിയില്‍ നിന്നും കോയമ്പത്തൂരിലെക്കാണു ഡീസല്‍ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഡീസല്‍ കൊണ്ടുപോകുന്നതിനുള്ള യാതൊരു രേഖകളും വാഹനത്തില്‍ ഉണ്ടായിരുന്നില്ല.
അനധികൃതമായി ഡീസൽ കടത്താനുള്ള ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ പോലീസ് കണ്ണൂർ ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.