തിരുവനന്തപുരം: വില കുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ സുലഭമായതോടെ ബെവ്റേജസ് കോര്‍പറേഷന്റെ ഇത്തവണത്തെ ഓണം മദ്യ വില്‍പ്പന പൊടിപൊടിച്ചു. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്പറേഷന് വഴി വിറ്റഴിച്ചത്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യം ബെവ്കോയിലൂടെ വിറ്റഴിച്ചു.
ബെവ്കോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദിവസത്തെ മദ്യ വില്‍പ്പന 100 കോടി കടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂരാട ദിനത്തില്‍ 78 കോടി രൂപയുടെയും ഉത്രാടദിനത്തില്‍ 85 കോടി രൂപയുടെയും മദ്യമാണ് വിറ്റഴിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ബമ്പര്‍ മദ്യ വില്‍പ്പനയാണ് നടന്നത്. ഓണക്കാലത്തെ ഒരാഴ്ചയിൽ മാത്രം 625 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്താകെ വിറ്റഴിച്ചത്.
ഇതും സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡാണ്. ബെവ്കോ വില്‍പ്പനയുടെ 85 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണെന്നത് ഖജനാവിന് ആശ്വാസമായി. സംസ്ഥാനത്തെ അഞ്ച് ഔട്ട് ലെറ്റുകളില്‍ ഇത്തവണ മദ്യ വില്‍പ്പന ഉത്രാട ദിനത്തില്‍ ഒരു കോടി കടന്നു. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. ഒരു കോടി ആറുലക്ഷം രൂപയുടെ വില്പനയാണ് നടന്നത്.
തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാംസ്ഥാനത്ത് ഇവിടെ ഒരു കോടി രണ്ടു ലക്ഷം രൂപയുടെ വില്പന നടന്നു. തൃശൂര്‍ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്താണ്. എറണാകുളം ഗാന്ധി നഗറിലും മദ്യ വില്‍പ്പന ഒരു കോടി രൂപ കടന്നു. ബെവ്കോയില്‍ നേരത്തെ നിലനിന്നിരുന്ന മദ്യ ക്ഷാമം പൂര്‍ണമായി പരിഹരിച്ചതും വിലകുറഞ്ഞ മദ്യ ബ്രാന്‍ഡുകള്‍ സുലഭമായി ഓണക്കാലത്ത് ലഭ്യമാക്കിയത് വില്പന വർദ്ധിക്കുന്നതിന് ഒരു കാരണമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Bevco outlets, Onam 2022