സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി നടന്ന 5 വാഹനാപകടങ്ങളില്‍പ്പെട്ട് ഒരു കുട്ടിയടക്കം 7 പേര്‍ മരിച്ചു. കണ്ണൂര്‍ കണ്ണാടിപറമ്പ് ആറാംപീടികയില്‍ സ്കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേര്‍ മരിച്ചു. കാട്ടാമ്പള്ളി ഇടയില്‍ പീടികയില്‍ സ്വദേശികളായ അജീര്‍ (26), ഇയാളുടെ ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്.
തൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. സംഭവത്തില്‍ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങി വരവെ ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
Also Read – ഇരുചക്ര വാഹനങ്ങളിലെ കുടുംബ യാത്രയ്ക്ക് പിഴ ഒഴിവാക്കിയേക്കും; ഗതാഗത വകുപ്പ്
തൃശ്ശൂർ വലപ്പാട് കുരിശുപള്ളിക്ക് സമീപം ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. കുന്നംകുളം പഴഞ്ഞി മേലയിൽ വീട്ടിൽ സ്വദേശി ജുബിൻ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ സുഹൃത്തുമൊത്ത് ബൈക്കിൽ വരവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു.
നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ടിപ്പർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ആറാലുമൂട് സ്വദേശി ഗോപാലൻ (75) ആണ് മരിച്ചത്. മിനി ടിപ്പർ ലോറിയാണ് കടയിലേക്ക് പാഞ്ഞ് കയറിയത്.
കോട്ടയം പാലാ പ്രവിത്താനത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പാലാ ഉള്ളനാട് ഒറവൻ തറ തോമസിന്റെ മകൻ സ്റ്റെഫിൻ തോമസാ (28)ണ് മരിച്ചത്. ഇയാൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പാലാ പ്രവിത്താനം തെക്കേത്ത് ടിബിൻ ജോസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ പാല പ്രവിത്താനം – പയ്യപ്പാറ റോഡിലായിരുന്നു അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Road accident