• HOME
  • »
  • NEWS
  • »
  • kerala
  • »
  • Plus One | സംസ്ഥാനത്ത് പ്ലസ് വണ്ണിന് 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു

Plus One | സംസ്ഥാനത്ത് പ്ലസ് വണ്ണിന് 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു

സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കൊമേഴ്സിനു പത്തും ഹ്യൂമാനിറ്റിസിന് 49ഉം അധിക ബാച്ചുകൾ അനുവദിച്ചു.

  • Share this:
സംസ്ഥാനത്ത് പ്ലസ് വൺ(Plus One) സീറ്റ് ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ്(Education department) ഊർജിതമാക്കിയത്. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ സൗകര്യമുള്ള സ്കൂളുകളുടെ പട്ടിക നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 79 താല്ക്കാലിക ബാച്ചുകൾ അനുവദിച്ചത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചു സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കിയിട്ടുണ്ട്. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.

ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കെടുത്തതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള ഒഴിവുകൾ കൂടി ഉൾപ്പെടുത്തി സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കും. എസ്എസ്എൽസി പരീക്ഷ വിജയിച്ചവരുടെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഉദാരമായി മൂല്യനിർണയം നടത്തിയതിലൂടെ വലിയതോതിൽ വർധിച്ചിരുന്നു. ഇതാണ് പ്ലസ് വൺ സീറ്റ്‌ ക്ഷാമത്തിലേക്ക് നയിച്ചത്. പ്ലസ് വൺ സീറ്റ്‌ ക്ഷാമം പ്രതിപക്ഷമടക്കം വിവാദമാക്കിയതിന് പിന്നാലെയാണ് സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

Plus one Improvement Exam | പ്ലസ് വൺ പരീക്ഷയെഴുതിയവർക്ക് ഇംപ്രൂവ്മെന്റിന് അവസരം: ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍(Plus one) പരീക്ഷകള്‍ വിദ്യാഭ്യാസവകുപ്പ് പൂര്‍ത്തിയാക്കിയിരുന്നത്. സംസ്ഥാനത്തെ കോവിഡ് (Covid 19) വ്യാപനം ചൂണ്ടിക്കാട്ടി ഒരു ഘട്ടത്തില്‍ സുപ്രീംകോടതി റദ്ദാക്കിയ പരീക്ഷയാണ് പിന്നീട് കോടതിയുടെ അനുമതിയോടെ വിദ്യാഭ്യാസവകുപ്പ് നടത്തിയത്.

പ്ലസ് വണ്‍ പരീക്ഷാ ഫലം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റിനു അവസരം ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം അധ്യാപക സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്തുനിന്നുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ എസ് ടി എ, കെ പി എസ് ടി എ അടക്കമുള്ള അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ട് ഹാജരായി ആവശ്യമായ പഠനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

കുറഞ്ഞ സമയത്തിനുള്ളില്‍ വേണ്ടത്ര പഠനം വിദ്യാര്‍ത്ഥികള്‍ക്ക് നടത്താനും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ഇറക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിരവധി വിദ്യാര്‍ഥികള്‍ ഫോണിലൂടെയും നേരിട്ടും പരാതികള്‍ നല്‍കിയിയെന്നും പൊതു ആവശ്യം പരിഗണിച്ച് കൂടിയാണ് ഉത്തരവിറക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
Published by:Sarath Mohanan
First published: