നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാനറ ബാങ്ക് - സിൻഡിക്കേറ്റ് ബാങ്ക് ലയനം; കാനറാ ബാങ്കിന്റെ സംസ്ഥാനത്തെ 90 ശാഖകൾ അടച്ചു പൂട്ടും

  കാനറ ബാങ്ക് - സിൻഡിക്കേറ്റ് ബാങ്ക് ലയനം; കാനറാ ബാങ്കിന്റെ സംസ്ഥാനത്തെ 90 ശാഖകൾ അടച്ചു പൂട്ടും

  സംസ്ഥാനത്തെ 90 ശാഖകളും മാഹിയിലെ ഒരു ശാഖയുമാണ് ബാങ്കിന്റെ മറ്റു ശാഖകളിൽ ലയിപ്പിക്കുമെന്ന സർക്കുലറിൽ പറയുന്നത്.

  canara-syndicate

  canara-syndicate

  • Share this:
  കൊച്ചി: കാനറാ ബാങ്ക് സിൻഡിക്കേറ്റ് ബാങ്ക് ലയനത്തിന്റെ തുടർച്ചയായി കാനറാ ബാങ്കിന്റെ സംസ്ഥാനത്തെ 90 ശാഖകൾ പൂട്ടും. ഇതിനുള്ള നടപടികൾ ആരംഭിച്ചതോടെ നിർബന്ധിത  വിആർഎസും കരാറുകരെ  പിരിച്ചുവിടലും ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാർ. ശാഖകൾ പൂട്ടുന്നത് ഇടപാടുകരെയും  പ്രതികൂലമായി ബാധിക്കും.

  രണ്ടു ബാങ്കുകൾക്കുമായി സംസ്ഥാനത്തു 709 ശാഖകളാണ് ഉള്ളത്. 29 അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകളും ഉണ്ട്. ഏകദേശം  4500 ഓളം ജീവനക്കാർ രണ്ടു ബാങ്കുകളിലുമായുണ്ട്. ഏപ്രിലിൽ നടന്ന ലയനത്തോടെ  ശാഖകൾ പൂട്ടുമെന്ന ഭീഷണിയും  ഉയർന്നിരുന്നു.

  നിർത്തലാക്കുന്ന ശാഖകളും അതു ലയിപ്പിക്കാനുള്ള ശാഖകളും ഉൾപ്പെടുത്തി സർക്കുലർ തിരുവനന്തപുരം സർക്കിൾ ഓഫീസിൽ എത്തി. സംസ്ഥാനത്തെ 90 ശാഖകളും മാഹിയിലെ ഒരു ശാഖയുമാണ് ബാങ്കിന്റെ മറ്റു ശാഖകളിൽ ലയിപ്പിക്കുമെന്ന സർക്കുലറിൽ പറയുന്നത്.

  നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശാഖകൾക്ക് കെട്ടിട ഉടമകൾക്ക് അറിയിപ്പ് നൽകാനായി വാടകത്തീയതി ഉൾപ്പെടെയുള്ള സർക്കുലറാണ് ഹെഡ് ഓഫീസ് അയച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലുമായാണ് ശാഖകൾ പൂട്ടുന്നത്. 300 മീറ്റർ മുതൽ ഒന്നരക്കിലോമീറ്റർവരെ അകലമുള്ള ബ്രാഞ്ചുകൾ ലയിപ്പിക്കുന്നുണ്ട്.

  തിരുവനന്തപുരം മുട്ടത്തറയിലെ ബ്രാഞ്ച് ഒന്നരക്കിലോമീറ്റർ അകലെ പെരുന്താന്നി ബ്രാഞ്ചിലാണ് ലയിപ്പിക്കുക. പത്തനംതിട്ടയിലും ഇരിങ്ങാലക്കുടയിലെയും ബ്രാഞ്ചുകൾ ഒരു കിലോമീറ്റർ അകലെയുള്ള ബ്രാഞ്ചുകളിലാണ് ലയിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ശാഖകൾ പൂട്ടുന്നത്– -13. അതുകഴിഞ്ഞാൽ എറണാകുളം 10.

  2020 ഏപ്രിൽ ഒന്നു മുതലാണ്  സിൻഡിക്കറ്റ് ബാങ്ക് കനറാ ബാങ്ക് ലയനം നിലവിൽ വന്നത് . ഇതോടെ ശാഖകൾ വർദ്ധിച്ചു. ഇത്രയും ശാഖകൾ ബാങ്കിന് ഇവിടെ വേണ്ട എന്നുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പൂട്ടൽ. കനറാ ബാങ്കിന് കൂടുതൽ ശാഖകളുള്ള കർണാടകത്തിലും ശാഖകൾ കുറയ്ക്കും.
  ആദ്യഘട്ടത്തിൽ പൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ മറ്റു ശാഖകളിലേക്ക് വിന്യസിപ്പിക്കുമെങ്കിലും തുടർന്ന് വിആർഎസും താൽക്കാലികക്കാരെ പിരിച്ചുവിടലും ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാർ.


  ബാങ്കിൽ പുതിയ നിയമനവും ഇല്ലാതാകും. ലയനത്തിന്റെ ഭാഗമായി ശാഖകൾ കുറയ്ക്കുകയും ജീവനക്കാരെ കുറയ്ക്കുകയും ചെയ്യേണ്ടിവരുമെന്നും ജീവനക്കാർ പ്രകടിപ്പിച്ച ആശങ്കകൾ ശരിയാണെന്ന് തെളിയിക്കുകയാണ് കനറാ ബാങ്കിലെ നീക്കമെന്ന് ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ശാഖകൾ അടച്ചു പൂട്ടാൻ ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
  Published by:Gowthamy GG
  First published:
  )}