തിരുവനന്തപുരം: മതിയായ യോഗ്യത ഇല്ലാത്ത പരിചയസമ്പന്നരല്ലാത്ത അധ്യാപകരെ നിയോഗിക്കുന്നത് കാരണം മൂല്യനിർണയത്തിൽ വ്യാപക അപാകത ഉണ്ടാകുന്നതായി ആക്ഷേപം ശക്തമായിരുന്നു. മൂല്യനിർണയത്തിലെ വീഴ്ചയെ തുടർന്ന് വിദ്യാർഥികൾ പരീക്ഷയിൽ തോറ്റതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളജുകളിലെ യോഗ്യതയില്ലാത്ത അധ്യാപകരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് സിഎജി സർക്കാരിന് കൈമാറിയത്.
961 അധ്യാപകർക്ക് യോഗ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അസിസ്റ്റന്റ് പ്രൊഫസറിൽ നിന്നും അസോസിയേറ്റ് പ്രൊഫസർ ആയി സ്ഥാനക്കയറ്റം ലഭിക്കാൻ പി എച്ച് ഡി വേണമെന്ന് എ ഐ സി ടി ഇ നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ പി എച്ച് ഡി ഇല്ലാത്ത നിരവധി അധ്യാപകരാണ് സാങ്കേതിക സർവകലാശാല കീഴിലെ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർമാരായി ജോലി ചെയ്യുന്നത്. സർക്കാരിൽ സമ്മർദ്ദം ചെലുത്തിയാണ് യോഗ്യതകളിൽ കുറവ് വരുത്തി നിരവധി അധ്യാപകർ പ്രമോഷൻ തസ്തികകൾ നേടിയെടുത്തതെന്നാണ് ആക്ഷേപം.
Also Read-നിരവധി വിദ്യാർത്ഥികൾ തോൽക്കുന്നു; സാങ്കേതിക സർവകലാശാലയുടെ മൂല്യനിർണയത്തിൽ വീഴ്ചയെന്ന് പരാതി
സിഎജി റിപ്പോർട്ടിനു പിന്നാലെ യോഗ്യതയില്ലാത്ത അധ്യാപകരെ കണ്ടെത്താനുള്ള നടപടികൾ സാങ്കേതിക സർവകലാശാല ശക്തമാക്കിയിട്ടുണ്ട്. കോളേജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങൾ വേഗത്തിൽ കൈമാറാൻ സാങ്കേതിക സർവകലാശാല രജിസ്ട്രാർ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബി.ടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ 'സ്ട്രക്ചറൽ അനാലിസിസ് ' പേപ്പറിൽ തോറ്റ രണ്ടു വിദ്യാർത്ഥികൾക്ക് 24 ഉം 22ഉം വീതം മാർക്കുകൾ ആണ് ലഭിച്ചത്. ഉത്തരകടലാസുകളുടെ പുനപരിശോധനയിൽ മാർക്ക് 17 വും 10 വും ആയി കുറഞ്ഞു. ഉത്തരകടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർഥികൾ കൂടുതൽ മാർക്ക് കിട്ടുമെന്ന പരാതിയുമായി ലോകയുക്തയെ സമീപിച്ചു.
Also Read-Gold Price Today| പവന് 280 രൂപ കൂടി; ഇന്നത്തെ സ്വർണ വില അറിയാം
ലോകയുക്ത യുടെ നിർദ്ദേശനുസരണം പരാതി പരിശോധിക്കാൻ സർവ്വകലാശാല റിവ്യൂ കമ്മിറ്റിയെ ചുമതലപെടുത്തി.പരീക്ഷ ചോദ്യപേപ്പർ ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അധ്യാപകരെകൊണ്ട് പുനർ മൂല്യനിർണയം നടത്തിയപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയർന്നു. ഇതോടെ 2 വിദ്യാർഥികളും ബി.ടെക് പരീക്ഷയിൽ വിജയിച്ചു.
ഐ.ടി കമ്പനികളിലുൾപ്പടെ പ്ലേസ്മെന്റ് ലഭിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് മൂല്യനിർണയങ്ങളിലെ അപാകതകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്നും അതിനാൽ മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ സർവകലാശാലയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
അതേസമയം അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സാങ്കേതിക സർവകലാശാല അധികൃതർ സമ്മതിക്കുന്നുണ്ട്. വീഴ്ച്ച വരുത്തുന്ന അധ്യാപകർക്കെതിരെ പിഴ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കാനാണ് സർവകലാശാലയുടെ തീരുമാനം. ഇതിനുള്ള പ്രമേയം അടുത്ത സിൻഡിക്കേറ്റ് യോഗം പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.