വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ച് ലത്തീൻ അതിരൂപത മുൻ അധ്യക്ഷൻ ഡോ. എം സൂസപാക്യം നേരത്തെ നിലപാട് വ്യക്തമാക്കിയ വിഡിയോ ന്യൂസ് 18ന്. വിഴിഞ്ഞത്തെ വാണിജ്യ തുറമുഖം നാടിൻറെ വികസനത്തിന് നേട്ടമാകും എന്നും തുറമുഖ നിര്‍മ്മാണത്തെ സ്വാഗതം ചെയ്യണമെന്നുമായിരുന്നു സൂസപാക്യത്തിന്റ വാക്കുകൾ. അതിനു വേണ്ടി സംഘടിതമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.
വിഴിഞ്ഞത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരപരിപാടികള്‍ക്ക് നേതൃത്വം നല്കുന്ന ലത്തീന്‍ രൂപത ആരംഭ ഘട്ടത്തില്‍ തുറമുഖ നിര്‍മ്മാണത്തെ അനുകൂലിച്ചിരുന്നതായി സൂസപാക്യത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. തുറമുഖ വിരുദ്ധ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് ലത്തീൻ അതിരൂപത മുൻ അധ്യക്ഷൻ തുറമുഖത്തെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ ഷാഡോ പൊലീസ് പിടികൂടിയ 5 പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം പേരടങ്ങുന്ന സംഘം ഇന്നലെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. അക്രമാസക്തരായ സമരക്കാര്‍ പോലീസ് സ്റ്റേഷനും വാഹനങ്ങളുമടക്കം അടിച്ചു തകര്‍ക്കുന്ന നിലയിലേക്ക് സ്ഥിതി മാറി. തുടര്‍ന്ന് കണ്ണീര് വാതകവും ലാത്തി ചാര്‍ജും നടത്തിയാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. ക്രമസമാധാന നില നഷ്ടപ്പെട്ട പ്രദേശത്ത് കലാപ അന്തരീക്ഷമാണ് സമരാനുകൂലികള്‍ സൃഷ്ടിച്ചത്. ആക്രമണത്തിൽ 54 പൊലീസുകാർക്കും ലാത്തിച്ചാര്‍ജിൽ 30 സമരക്കാർക്കും പരിക്കേറ്റു. 85 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ആക്രമണത്തിലുണ്ടായതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.