നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗണിനിടെ ചൂണ്ടയിടൽ; പൊലീസിനെ കണ്ട് കായലിൽ ചാടിയ 41കാരൻ മരിച്ചു

  ലോക്ക്ഡൗണിനിടെ ചൂണ്ടയിടൽ; പൊലീസിനെ കണ്ട് കായലിൽ ചാടിയ 41കാരൻ മരിച്ചു

  കൊല്ലം ബൈപാസിൽ നീരാവില്‍ പാലത്തിനു താഴെ ഇരുന്ന് ചൂണ്ടയിടുകയായിരുന്ന യുവാക്കള്‍ പൊലീസിനെ കണ്ടു കായലില്‍ ചാടുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: ലോക്ക്ഡൗണിനിടെ പാലത്തിന് അടിയിൽ ഇരുന്ന് ചൂണ്ടയിടുന്നതിനിടെ പൊലീസിനെ കണ്ട് കായലിൽ ചാടിയ ആൾ മരിച്ചു. കൊല്ലം ബൈപാസിൽ നീരാവില്‍ പാലത്തിനു താഴെ ഇരുന്ന് ചൂണ്ടയിടുകയായിരുന്ന യുവാക്കള്‍ പൊലീസിനെ കണ്ടു കായലില്‍ ചാടുകയായിരുന്നു. ഇതിൽ ഒരാളാണ് മരിച്ചത്. നീരാവില്‍ സ്വദേശി പ്രവീൺ(41) എന്നയാളാണ് മരിച്ചത്.

   ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടലും പതിവാണെന്നു പരാതി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഈ സ്ഥലത്തു പെട്രോളിങിന് എത്തിയത്. എന്നാൽ പൊലീസിനെ കണ്ടു യുവാക്കൾ കായലിലേക്ക് ചാടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ നീന്തിരക്ഷപെട്ടെങ്കിലും പ്രവീൺ ചുഴിയിൽപെടുകയായിരുന്നു. പ്രവീണിനെ കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ കായലിൽ തെരച്ചിൽ നടത്തി പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ സംബന്ധിച്ച കോവിഡ് മാർഗ രേഖ നടപ്പാക്കുന്നത് ശക്തമാക്കി പൊലീസ്. മാർഗ രേഖ ലംഘനത്തിനു കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. മെയ് എട്ട്, ഒമ്പത് തീയതികളിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുത്തവരുടെ എണ്ണം പരിധിയിൽ കൂടുതലായതിന്‍റെ പേരിൽ പകർച്ച വ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം നാലു കേസുകൾ പത്തനംതിട്ട ജില്ലയിൽ പൊലീസ് രജിസ്റ്റർ ചെയ്തു. 20 പേർക്കാണ് ഇപ്പോൾ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം.

   വിവാഹ പരിപാടികളിൽ ഇരുപത്തിയൊന്നാമത്തെ ആൾ എത്തിയാൽ മുഴുവൻ പേർക്കുമെതിരെ കേസ് എടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. വരൻ, വധു, മാതാപിതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കേസുണ്ടാകും. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും.

   ഇത്തരത്തിൽ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം കേസെടുത്താൽ, നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോർട്ടലിൽ അപേക്ഷിക്കുന്നതു മുതൽ വിവാഹ ചടങ്ങ് പൂർത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പത്തനംതിട്ട, കോന്നി, ഇലവുംതിട്ട, കോയിപ്രം പൊലീസ് പരിധികളിലാണ് നിലവിൽ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

   അതേസമയം കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.
   Published by:Anuraj GR
   First published: