നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം; ലോട്ടറി അടിച്ച വിവരം പുറത്തറിയിച്ചത് പോലീസ് സംരക്ഷണം തേടിയ ശേഷം

    കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം; ലോട്ടറി അടിച്ച വിവരം പുറത്തറിയിച്ചത് പോലീസ് സംരക്ഷണം തേടിയ ശേഷം

    പശ്ചിമ ബംഗാള്‍, മാല്‍ഡ സ്വദേശിയായ ഇമാം ഹുസൈന്‍ അഞ്ച് വര്‍ഷം മുന്‍പാണ് ജോലി തേടി മണ്ണാര്‍ക്കാടെത്തിയത്

    • Share this:
    പാലക്കാട്:നിര്‍മ്മാണ തൊഴിലാളിയായി കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ ദിവസം നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് പശ്ചിമബംഗാള്‍ സ്വദേശി ഇമാം ഹുസൈന് ലഭിച്ചത്. ലോട്ടറി അടിച്ച വിവരം രഹസ്യമാക്കി സൂക്ഷിച്ച ഇമാം ഹുസൈന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് പോലീസിനെ ഏല്‍പ്പിച്ച ശേഷമാണ് വീട്ടുകാരോടും സുഹൃത്തുക്കളോടും വിവരം പങ്കുവച്ചത്.

    അഞ്ച് വര്‍ഷമായി പാലക്കാട്ടെ എടത്തുനാട്ടുകര കോട്ടപ്പള്ളിയില്‍ ജോലി ചെയ്തു വരുന്ന ഇമാം ഹുസൈന്റെ പതിവ് ശീലമാണ് ലോട്ടറിയിലെ ഭാഗ്യപരീക്ഷണം. പതിവുപോലെ കഴിഞ്ഞ ദിവസവും ടിക്കറ്റിന്റെ ഫലം പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ച വിവരം അറിയുന്നത്. ഉള്ളിലെ സന്തോഷമൊന്നും പുറത്തുകാണിക്കാതെ ഇമാം പോലീസ് കണ്‍ട്രോള്‍ റൂം നമ്പരായ 100 ല്‍ വിളിച്ച് വിവരം പറഞ്ഞു.

    മിനിറ്റുകള്‍ക്കകം നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സി ഐ സിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലിസെത്തി ഇമാം ഹുസൈനെ വാഹനത്തില്‍ കയറ്റി. അപ്പോഴാണ് നാട്ടുകാരും ലോട്ടറി ഏജന്റുമെല്ലാം വിവരമറിയുന്നത്.

    പോലീസിന്റെ സുരക്ഷാ വലയത്തിലായതോടെ ഭാഗ്യദേവത കടാക്ഷിച്ച വിവരം വീട്ടുകാരെയും ബന്ധുക്കളെയും ഇമാം സന്തോഷപൂര്‍വ്വം വിളിച്ചറിയിച്ചു. കടമെല്ലാം വീട്ടണമെന്നും നല്ലൊരു വീട് പണിയണമെന്നുമാണ് ഇമാമിന്റെ ലക്ഷ്യം.

    ലോട്ടറി ടിക്കറ്റ് ബാങ്കിന് കൈമാറുന്നത് വരെ ഇമാം ഹുസൈന്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞത്. അലനല്ലൂര്‍ കേരള ബാങ്ക് അധികൃതര്‍ വെള്ളിയാഴ്ച രാത്രി തന്നെ സ്റ്റേഷനിലെത്തിയെങ്കിലും സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ടിക്കറ്റ് കൈമാറിയിരുന്നില്ല. ഇന്നലെയാണ് പോലീസിന്റെ സാന്നിധ്യത്തില്‍ ടിക്കറ്റ് കൈമാറിയത്.

    പശ്ചിമ ബംഗാള്‍, മാല്‍ഡ സ്വദേശിയായ ഇമാം ഹുസൈന്‍ അഞ്ച് വര്‍ഷം മുന്‍പാണ് ജോലി തേടി മണ്ണാര്‍ക്കാടെത്തിയത്. അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന ചെറിയ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഒരു വര്‍ഷം മുന്‍പാണ് വിവാഹിതനായത്. മുന്‍പ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഒന്നാം സമ്മാനം ലഭിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാണ് ഇമാം ഹുസൈന്റെ തീരുമാനം.
    Published by:Jayashankar AV
    First published:
    )}