ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് പിഴ ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് 12000 രൂപയാണ് പിഴ ഈടാക്കിയത്. നോപാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിൽ നിയമം ലംഘിച്ച 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ ടൗൺ സ്പെഷ്യൽ സ്ക്വാഡ് കേസ് എടുത്തു. ഇവരിൽ നിന്ന് 12,000 രൂപ പിഴ ഇടാക്കി ഇ- ചെല്ലാൻ വാഹന ഉടമകൾക്ക് നൽകി.
ബൈപ്പാസ് ഉദ്ഘാടനത്തിനുശേഷം ഇതുവഴി പോകുന്നവർ വാഹനം നിർത്തി സെൽഫി എടുക്കുന്നത് പതിവായിരുന്നു. എന്നാൽ എലിവേറ്റഡ് ഹൈവേയിൽ മിക്കയിടത്തും നോ പാർക്കിങ് ബോർഡ് വെച്ചിട്ടുണ്ട്. ഇതു ലംഘിച്ചുകൊണ്ടാണ് വാഹനങ്ങൾ വശങ്ങളിൽ നിർത്തി സെൽഫി എടുക്കുന്നത്. ഇതു കാരണം എലിവേറ്റഡ് ഹൈവേയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന അടിക്കടി ഉണ്ടാകാറുണ്ട്.
അതേസമയം ബൈപ്പാസിൽ നിയമലംഘനം നടത്തി ഒരിക്കൽ പിടിക്കപ്പെട്ടവർ കുറ്റം ആവർത്തിച്ചാൽ ഇ ചെല്ലാൻ പരിശോധിച്ച് അവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ ടൗൺ സ്പെഷ്യൽ സ്ക്വാഡ് എം. വി. ജിംസൺ സേവ്യർ പോൾ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ ടൗൺ സ്പെഷ്യൽ സ്ക്വാഡാണ് ബൈപ്പാസിൽ സ്ഥിരമായി പരിശോധന നടത്തുന്നത്.
അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. ജനുവരി 28-ാം തീയതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസ് നാടിന് സമര്‍പ്പിച്ചത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, എന്നിവര്‍ സംബന്ധിച്ചിരുന്നു. സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ആലപ്പുഴ എം. പി എ. എം. ആരിഫ് തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.
കഴിഞ്ഞ നവംബര്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കത്ത് വന്നിരുന്നു. രണ്ടു മാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാലാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയാണ് സമര്‍പ്പണത്തിന് എത്തിയത്.
6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസ്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്‍റെ മുകളില്‍ കൂടി പോകുന്ന ആദ്യത്തെ മേല്‍പ്പാലം. കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ മനോഹരമാക്കിയിട്ടുണ്ട്. കേന്ദ്ര പദ്ധതിയില്‍ 80 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 408 വിളക്കുകള്‍ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചിരുന്നു.
Also Read- ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങളുടെ കൂട്ടിയിടി, പഞ്ചർ, ഉദ്ഘാടനദിവസം ഗതാഗത കുരുക്ക്
കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കല്‍. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചെലവഴിച്ചു. നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളും ഇതേ രീതിയിലാണ് പൂർത്തിയാക്കിയത്.
ഈ പാലം ഗതാഗതത്തിന് തുറന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍കിട പാലങ്ങളാണ് ഗതാഗത യോഗ്യമായത്. അടുത്ത മെയ് മാസത്തില്‍ പാലാരിവട്ടം പാലം തുറക്കും. 100 വര്‍ഷം ഗ്യാരണ്ടിയുള്ള പാലമായിരിക്കും അത്. ഇ. ശ്രീധരനാണ് അതിന്‍റെ മേല്‍നോട്ടചുമതല. അങ്ങനെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളില്‍ 5 വന്‍കിട പാലങ്ങളാണ് പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചത്. ഇത് ചരിത്രവിജയമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha bypass, Cm pinarayi vijayan, Congress BJP, KC Venugopal MP, Nitin gadkari