കൊല്ലം: ട്രെയിനുകൾ നേർക്കുനേർ വന്നത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആശങ്കയുണ്ടാക്കി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഏഴാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിനുനേരെയാണ് ഗുഡ്സ് ട്രെയിൻ എത്തിയത്.
ട്രാക്ക് മാറിയാണ് ഗുഡ്സ് ട്രെയിൻ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്ന ഏഴാമത്തെ ട്രാക്കിലേക്ക് എത്തിയത്. പാസഞ്ചർ ട്രെയിൻ കിടക്കുന്നതു കണ്ട ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് വേഗം കുറച്ച് അപകടം ഒഴിവാക്കുകയായിരുന്നു. പിന്നീട് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗുഡ്സ് ട്രെയിൻ പിന്നിലേക്ക് എടുപ്പിച്ച് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റുകയായിരുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ ട്രാക്ക് മാറി എത്തിയതോടെ ഇന്നലെ വൈകിട്ട് കൊല്ലത്തേക്കുള്ള ട്രെയിനുകൾ വൈകി. ഗുഡ്സ് ട്രെയിൻ പിന്നിലേക്ക് എടുപ്പിച്ച് ട്രാക്ക് മാറ്റാൻ സമയമെടുത്തതോടെ കൊല്ലത്തേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനുകളെല്ലാം മറ്റ് സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടിവന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിലേക്ക് വരേണ്ട ഗുഡ്സ് ട്രെയിനാണ് ട്രാക്ക് മാറി പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്ന ഏഴാമത്തെ ട്രാക്കിലേക്ക് വന്നത്. സിഗ്നൽ സംവിധാനത്തിൽ പാളിച്ചയുണ്ടായോയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.