തൃശൂർ: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട അധ്യാപകനെ സസ്പെൻഡ് ചെയ്തു. പരാതിയെ തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായ കെ.കെ കലേശനെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്. വിദ്യാർഥികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സാഹചര്യത്തിലാണ് സസ്പെൻഷൻ.
കഴിഞ്ഞയാഴ്ച ആയിരുന്നു വിവാദമായ സംഭവമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കൂടുതൽ വിദ്യാർഥികളും മുസ്ലിമുകളായ ക്ലാസിലെത്തിയ അധ്യാപകൻ പൗരത്വ നിയമഭേദഗതിയെക്കുറിച്ച് സംസാരിക്കുകയും അത് അംഗീകരിക്കാൻ തയ്യാറല്ലാത്തവർ പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളൂവെന്ന് പറയുകയുമായിരുന്നു.
'പൗരത്വ നിയമഭേദഗതിക്ക് എതിരെയാണെങ്കിൽ വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞതായി പരാതി ലഭിച്ചു. ചില വിദ്യാർഥികളുടെ രക്ഷിതാക്കളാണ് സംഭവം ഉദ്യോഗസ്ഥരുടെ മുമ്പിലെത്തിച്ചത്.
സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തി വ്യാഴാഴ്ച സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു' - ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, ഈ അധ്യാപകൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഹിന്ദി അധ്യാപകനായിരുന്നിട്ടും പലപ്പോഴും ലൈംഗികപരമായ കാര്യങ്ങൾ ക്ലാസിൽ സംസാരിക്കുന്നതായാണ് വിദ്യാർഥികൾ ഹെഡ് മാസ്റ്റർക്ക് നൽകിയ പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.