• HOME
  • »
  • NEWS
  • »
  • kerala
  • »
  • MC Josephine | 'സ്ത്രീകൾക്കും തൊഴിലാളികൾക്കുംവേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവ്': എം.സി ജോസഫൈനെ അനുസ്മരിച്ച് മുഖ്യമന്ത്രി

MC Josephine | 'സ്ത്രീകൾക്കും തൊഴിലാളികൾക്കുംവേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവ്': എം.സി ജോസഫൈനെ അനുസ്മരിച്ച് മുഖ്യമന്ത്രി

'സിപിഎമ്മിന്‍റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്'

mc-josephine

mc-josephine

  • Share this:
    തിരുവനന്തപുരം: സ്ത്രീകൾക്കും തൊഴിലാളികൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് എം സി ജോസഫൈനെന്ന് (MC Josephine) മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സിപിഎമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാർട്ടിയുടെ ഇരുപത്തിമൂന്നാം കോൺഗ്രസ്സിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് സഖാവിന് ഹൃദയാഘാതമുണ്ടായത്.

    വിദ്യാർഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു.

    ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകൾ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷന്റെയും വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവർ നൽകിയത്.

    ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

    സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

    സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്‍ അന്തരിച്ചു. ഇന്നലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എകെജി സഹകരണ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം.

    ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

    Also Read- എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും

    13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി.

    സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

    വൈപ്പിൻ മുരിക്കുംപാടം സെന്റ്‌ മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.

    സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി എ മത്തായിയാണ്‌ ഭർത്താവ്‌. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.
    Published by:Anuraj GR
    First published: