കോട്ടയം: സുഹൃത്തിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ് കുമാറിന്റെയും (റിട്ട. അദ്ധ്യാപകന് ആശ്രമം സ്കൂള്‍, വൈക്കം) രേഖയുടെയും (അദ്ധ്യാപിക, വിശ്വഭാരതി സ്കൂള്‍, കീഴൂര്‍) മകന് ദേവദത്ത് (20) ആണ് മരിച്ചത്. റൊമാനിയയിലെ മള്‍ട്ടോവയിൽ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് ദേവദത്ത് അപകടത്തിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ദേവദത്തിന്റെ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കുക. മാൾട്ടയിലുള്ള മലയാളി വിദ്യാർഥികളും മറ്റു മലയാളികളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് നാട്ടില്‍ നിന്ന് നികിത മെഡിക്കൽ ലൈഫ് സയൻസ് ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോയത്.
രാവിലെ നികിതയെ കാണാത്തതിനെത്തുടര്‍ന്ന് സഹപാഠികൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ചനിലയില്‍ കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായാണു കീല് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കുന്നത്. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജർമ്മനിയിലെ പൊലീസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്കേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങുകയുള്ളുവെന്ന് ബന്ധുക്കൾ അറിയിച്ചു.
ജർമ്മനിയിലെ കീല് ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്മെന്റില്‍ മെഡിസിന് ലൈഫ് സയന്‍സ് വിദ്യാര്‍ഥിയായിരുന്നു നികിത. പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റേയും ട്രീസ ബെന്നിയുടെയും മകളാണ്. ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരന് ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം. മരണ വിവരമറിഞ്ഞ് മാതാപിതാക്കളും സഹോദരനും ഇന്നലെ വൈകിട്ട് പൂഴിക്കോലിലെ മുടക്കാമ്പുറം വീട്ടിലെത്തി.
കഴിഞ്ഞ ആഴ്ച ഉണ്ടായ മറ്റൊരു സംഭവത്തിൽ പന്തളം കുളനട ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ സുമിത്ര പ്രവീണാണ് (28) മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് 5 മണിക്ക് കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം നടന്നത്.
ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കൊറിയർ വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എൻ എം മൻസിലിൽ അൻസിലിനെ (24 ) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.