കണ്ണൂര്‍: സ്റ്റേഷനിൽ വൈകിയെത്തിയതിനെ തുടർന്ന് റിസര്‍വ് ചെയ്ത ട്രെയിനിൽ കയറാൻ പറ്റാതെ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്റ്റേഷനിൽനിന്ന് കയറേണ്ടിയിരുന്ന യുവാവ് ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിച്ചശേഷം ഷൊർണൂരിൽനിന്ന് കയറുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് ( 19) കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയാണ് സൗമിത്ര മണ്ഡല്‍.
കണ്ണൂരിലുള്ള ബന്ധുവിന്‍റെ വീട്ടിലെത്തിയ ഇയാൾ ചെന്നൈയിലേക്ക് പോകാനായി ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് യുവാവ് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ട്രെയിനില്‍ ബോംബ് ഉണ്ടെന്ന് അറിയിച്ചത്.
ഇതേത്തുടർന്ന് ട്രെയിൻ കോഴിക്കോട് ഉൾപ്പടെയുള്ള വിവിധ സ്റ്റേഷനുകളിൽ നിർത്തുകയും എല്ലാ ബോഗികളിലും പരിശോധന നടത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം വൈകി പുലർച്ചെ 5.27നാണ് ട്രെയിൻ ഷൊർണൂരിലെത്തിയത്. എന്നാൽ പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂരിലെത്തിയ കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ കയറി സൗമിത്ര ഷൊര്‍ണൂരില്‍ ഇറങ്ങിയപ്പോൾ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് അവിടെ ഉണ്ടായിരുന്നു. തുടർന്ന് യുവാവ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ കയറി ചെന്നൈയിലേക്ക് പോകുകയും ചെയ്തു.
എന്നാൽ ഇതിനിടെ ബോംബ് ഭീഷണിയുടെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ റെയിൽവേ പൊലീസ് ഫോണ്‍ കോളുകളും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് സൗമിത്രയെ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂരിൽനിന്നുള്ള റെയിൽവേ പൊലീസ് സംഘം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. ചെന്നൈയിലെ ആർപിഎഫിന്‍റെ സഹായത്തോടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്ന് സൗമിത്രയെ കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.