അഭിലാഷ് എസ് ആറ്റിങ്ങൽ
തിരുവനന്തപുരം: എം.സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ്.എം. നായർ ( 32 ) ആണ് മരിച്ചത്.
ഡ്രൈവറെ കൂടാതെ കാറിലുണ്ടായിരുന്ന മുന്നംഗ കുടുംബത്തിലെ അമ്മയ്ക്കും മകൾക്കും ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശികളായ അമ്മയെയും മകളെയും ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എതിർ ദിശയിൽ പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയായിരുന്നു.
കാറിനുള്ളിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് ഫയർഫോഴ്സും കിളിമാനൂർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവർ അനൂപിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല.
Also Read- വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാറിലുണ്ടായിരുന്നവർ പാലായിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം പരുത്തിപ്പാറയിലെ വീട്ടിലേയ്ക്ക് മടങ്ങിവരുകയായിരുന്നു. കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.