ശബരിമല യുവതി പ്രവേശനമടക്കം വിശ്വാസ വിഷയങ്ങൾ വിശാല ബെഞ്ചിന് വിട്ട അഞ്ചംഗ ബെഞ്ചിന്റെ നടപടി നിലനിൽക്കുമോയെന്ന് സുപ്രീംകോടതി ഒൻപതംഗ ബെഞ്ച് പരിഗണിക്കും. വിശാല ബെഞ്ചിന് വിട്ട നടപടിയിൽ ഭരണഘടനാ വിദഗ്ധരും മുതിർന്ന അഭിഭാഷകരും കടുത്ത എതിർപ്പുന്നയിച്ചതിനെ തുടർന്നാണ് തീരുമാനം. മറ്റ് പരിഗണന വിഷയങ്ങളും കോടതി തീരുമാനിക്കും.
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗ ബെഞ്ച് പറയുമെന്നും അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒൻപതംഗ ബഞ്ച് തീരുമാനിക്കൂ എന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
വിധി പറഞ്ഞ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടാനാകില്ലെന്ന് മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാൻ വാദിച്ചു. നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു.
ബെഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യം തന്നെ വേണമെന്ന് അഭിഭാഷകയായ ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. പൊതുതാൽപര്യ വിഷയമായതിനാൽ വിശാല ബഞ്ച് പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പരാശരൻ വാദിച്ചു. വിശാല ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി. വിശാല ബഞ്ച് വ്യാഴാഴ്ച വീണ്ടും സിറ്റിംഗ് നടത്തും. അന്ന് വാദമുഖത്തിന്റെ സമയക്രമം നിശ്ചയിക്കും. അടുത്തയാഴ്ച വാദം തുടങ്ങാമെന്നും എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.