കായംകുളം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ കരീലക്കുളങ്ങരയ്ക്ക് സമീപം രാമപുരം ഹൈസ്കൂൾ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു അപകടം.
തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി ആണ് മരിച്ചത്. കുഞ്ഞിന് ഒന്നരവയസ് മാത്രമായിരുന്നു പ്രായം. ഡെന്നിയുടെ ഭാര്യ മിന്ന (28), മകൾ കൈക്കുഞ്ഞായ ഇസ മരിയ ഡെന്നി, മിന്നയുടെ സഹോദരൻ തിരുവനന്തപുരം തോന്നയ്ക്കൽ ഓട്ടോക്കാരൻ വീട്ടിൽ മിഥുൻ (30) ഇവരുടെ മാതാവ് ആനി (55) മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവർക്ക് പരിക്കേറ്റു.
തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു പോയി. മിഥുൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
മിന്നയും മകൾ സൈറയും മുൻവശത്താണ് ഇരുന്നത്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂരിൽ ഒരു കുടുംബ വീട്ടിൽ ചടങ്ങിൽ പങ്കെടുത്ത മടങ്ങുന്നത് വഴി ആയിരുന്നു അപകടം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.