• HOME
 • »
 • NEWS
 • »
 • kerala
 • »
 • കടലാസ് ചോദിച്ചിട്ട് കൊടുത്തില്ല; ഒരു ബണ്ടില്‍ പേപ്പറും, 10 പേനയും നല്‍കി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

കടലാസ് ചോദിച്ചിട്ട് കൊടുത്തില്ല; ഒരു ബണ്ടില്‍ പേപ്പറും, 10 പേനയും നല്‍കി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

ശാരീരിക അവശതകളുള്ള ജനപ്രതിനിധിയായ തനിയ്ക്ക് ഈ അനുഭവമാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് കെപിഎം സലീം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്.

 • Share this:
  പാലക്കാട്: കിടപ്പിലായ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ യുവതിയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോള്‍ ഉണ്ടായ ദുരുനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്. സര്‍ട്ടിഫിക്കറ്റിനായുള്ള ബന്ധപ്പെട്ട രേഖകളെല്ലാം സഹിതം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍വെള്ളപേപ്പറില്‍ അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു പേപ്പര്‍ തരുമോ എന്ന് ചോദിച്ചെന്നും നല്‍കാനാവില്ലെന്നും മെഡിക്കല്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്നും പറഞ്ഞുവെന്ന് ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലിം പറയുന്നു.

  ഇതിനു പിന്നാലെ ഒരു ബണ്ടില്‍ എ ഫോര്‍ ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസില്‍ ഏല്‍പ്പിച്ചായിരുന്നു പ്രതിഷേധം. പേപ്പര്‍ കഴിഞ്ഞാല്‍ വിളിച്ചു പറയണമെന്നും പറഞ്ഞേല്‍പ്പിച്ചാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീമും സഹായിയും തിരിച്ചു പോയത്.

  ശാരീരിക അവശതകളുള്ള ജനപ്രതിനിധിയായ തനിയ്ക്ക് ഈ അനുഭവമാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് കെപിഎം സലീം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്.

  Also Read-'മുന്‍ കെപിസിസി അധ്യക്ഷന് സുധാകരനോട് കുശുമ്പ്; ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല'; സുധീരനെതിരെ ഒളിയമ്പുമായി റിജില്‍ മാക്കുറ്റി

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എന്റെ വാര്‍ഡില്‍ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാന്‍ മണ്ണാര്‍ക്കാട് താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു.

  ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവര്‍ക്ക് മാത്രം വീണ് തല പൊട്ടാതെ പോകാന്‍ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാല്‍ എന്റെ ഡ്രൈവര്‍ വശം പേപ്പറുകള്‍ കൊടുത്തുവിട്ടു.3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നല്‍കിയപ്പോള്‍ വെള്ള പേപ്പറില്‍ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.നിര്‍ഭാഗ്യവശാല്‍ ഒരു A4 ഷീറ്റ് കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ ഒരു ഷീറ്റ് നല്‍കുമോ എന്ന് ചോദിച്ചു.എന്നാല്‍ പേപ്പര്‍ നല്‍കാന്‍ ഓഫീസിലുള്ളവര്‍ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കല്‍ സൂപ്രണ്ടിന്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി.

  സര്‍ക്കാര്‍ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും എന്നെ പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പര്‍ നല്‍കാന്‍ തയാറായില്ല.(എന്റെ സുഹൃത്തിന് പേപ്പര്‍ കിട്ടാത്തതല്ല അടിസ്ഥാന പ്രശ്നം)40 % ന് മുകളില്‍ ശാരീരിക / മാനസിക അവശതകള്‍ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനിധികളോ, പൊതുപ്രവര്‍ത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്കീ അനുഭവമാണെങ്കില്‍ സാധാരണക്കാരന് എന്തായിരിക്കും അനുഭവം.

  തീര്‍ച്ചയായും ഇത്തരം സാഹചര്യങ്ങളില്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും,മനുഷ്യത്വവും, സഹജീവിസ്നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങള്‍ക്ക് ഉണ്ടാവുക.ജനാധിപത്യത്തിന്റെ മധുരം പാവങ്ങള്‍ക്ക് എന്നാണനുഭവിക്കാന്‍ കഴിയുക. ഈ ദുരനുഭവത്തിന് പകരം പറയാന്‍ എനിക്ക് വാക്കുകളില്ല; കലഹിക്കാന്‍ തത്ക്കാലം മനസ്സുമില്ല. ഒരു ബണ്ടില്‍ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസില്‍ ഏല്‍പ്പിച്ച് സൂപ്രണ്ടിന്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനര്‍ക്കും നല്‍കാനും,പേപ്പര്‍ കഴിഞ്ഞാല്‍ വിളിച്ച് പറയണമെന്ന് പറയാനും മാത്രമേ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
  Published by:Jayesh Krishnan
  First published: