• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ബസിലെ സ്ഥലപ്പേര് എഴുതിയ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്ക്

KSRTC ബസിലെ സ്ഥലപ്പേര് എഴുതിയ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്ക്

മുൻഭാഗത്തെ ഗ്ലാസിന് മുകളിൽ ഒരു ബോക്സിനുള്ളിലായാണ് ബോർഡ് ഉണ്ടായിരുന്നത്. ഈ ബോക്സിന്‍റെ പിൻഭാഗത്തെ കുറ്റി ഇളകിയതോടെയാണ് ബോർഡ് താഴേക്ക് വീണത്

ksrtc

ksrtc

  • News18
  • Last Updated :
  • Share this:
    ആലപ്പുഴ: യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി (KSRTC) ബസിലെ സ്ഥലപ്പേര് എഴുതിയ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ആലപ്പുഴ പൊങ്ങ തെക്കേ മറ്റം ശോശാമ്മ വര്‍ഗീസിനാണ് (58) പരിക്കേറ്റത്. ഇവരെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. വെള്ളിയാഴ്ച വൈകിട്ടോടെ കൈതവന ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. കൈതവന കുഴിയില്‍ ബസ് ഇറങ്ങുന്നതിനിടെയാണ് സ്ഥലപ്പേരുകള്‍ എഴുതിയ ബോര്‍ഡ് ഇളകി ശോശാമ്മയുടെ തലയിലേക്ക് വീണത്.

    മുൻഭാഗത്തെ ഗ്ലാസിന് മുകളിൽ ഒരു ബോക്സിനുള്ളിലായാണ് ബോർഡ് വെച്ചിരുന്നത്. ഈ ബോക്സിന്‍റെ പിൻഭാഗത്തെ കുറ്റി ഇളകിയതോടെയാണ് ബോർഡ് താഴേക്ക് വീണത്. ഈ സമയം ബസ് സ്റ്റോപ്പിൽ നിർത്തി ശോശാമ്മ ഇറങ്ങാനായി ഒരുങ്ങുകയായിരുന്നു. ബോർഡ് തലയിൽ വീണ് മുറിവ് പറ്റിയതോടെ ശോശാമ്മയെ കണ്ടക്ടര്‍ മഞ്ജുളയും ഡ്രൈവര്‍ തങ്കച്ചനും മറ്റു യാത്രക്കാരും ചേർന്ന് ആലപ്പുഴയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാതമിക ചികിത്സ നൽകിയ ശേഷം കണ്ടക്ടര്‍ വിവരം അറി‍യിച്ചത് അനുസരിച്ച്‌ വീട്ടുകാര്‍ അയച്ച ഓട്ടോറിക്ഷയിലാണ് ശോശാമ്മ മടങ്ങിയത്.

    ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു; നാലംഗ സംഘം കഞ്ചാവുമായി പിടിയിൽ

    കെ എസ് ആർ ടി സി ജീവനക്കാരെ (KSRTC) ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

    വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

    Also Read- KSRTC പാർക്കിങ്ങിനായി ദിവസേന 16 കിലോമീറ്റർ ഓടി; ഏഴുകൊല്ലം കൊണ്ട് പാഴായത് നാലുകോടിയോളം രൂപ

    മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
    Published by:Anuraj GR
    First published: