പത്തനംതിട്ട: പിക്കപ്പ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തിരുവല്ല കാവുംഭാഗം - ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ ജംങ്ഷന് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരില്‍ വീട്ടില്‍ ബിജിമോള്‍ (32) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ പെരിങ്ങോള്‍ വായനശാലക്ക് സമീപമായിരുന്നു അപകടം നടന്നത്. ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന ടാറ്റ ഏയ്സ് പിക്കപ്പും എതിര് ദിശയില്‍ നിന്നും വന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അമിതവേഗത്തിലെത്തിയ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
എരുമേലി പ്ലാച്ചേരിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടില്‍ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ എരുമേലി- പ്ലാച്ചേരി റൂട്ടില്‍, പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം.
സഞ്ജു ഓടിച്ചിരുന്ന കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിത വേഗത്തില്‍ വന്ന വാഹനം വഴിയോരത്തെ പോസ്റ്റില്‍ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണിമല പോലീസും, റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളില്‍ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.
മംഗള എക്സപ്രസിന്റെ എഞ്ചിൻ വേർപെട്ട് കുറച്ച് ദൂരം ഓടി; ഒഴിവായത് വൻ ദുരന്തം
എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടു. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എഞ്ചിൻ വേർപെടുകയായിരുന്നു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. വേർപെട്ട എഞ്ചിൻ ഏതാനും മീറ്ററുകൾ മുന്നോട്ട് ഓടുകയായിരുന്നു. എഞ്ചിൻ വേർപെട്ട വിവരം മനസിലായ ഉടൻ ലോക്കോ പൈലറ്റ് എഞ്ചിൻ നിർത്തുകയായിരുന്നു.
Also read-
Veena George| ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും; കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം: മന്ത്രി വീണാ ജോര്‍ജ്
തൃശൂർ സ്റ്റേഷൻ വിട്ട മംഗള എക്സ്പ്രസ് പൂങ്കുന്നം സ്റ്റേഷൻ അടുക്കുന്നതിനിടെയാണ് എഞ്ചിൻ വേർപെട്ടത്. തൃശൂർ സ്റ്റേഷനിൽ നിർത്തി പുറപ്പെട്ടതിനാൽ ട്രെയിന്‍ വേഗം കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്.
റെയിൽവേ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തുകയും 15 മിനിട്ടിനകം യാത്ര പുനരാരംഭിക്കുകയും ചെയ്തു. ട്രെയിൻ വേഗതയിലാണ് യാത്ര ചെയ്തിരുന്നതെങ്കിൽ വേർപെട്ട ബോഗി എഞ്ചിനിലേക്ക് ഇടിച്ചുകയറി വൻ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.