കൊച്ചി: പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി കേരളത്തിലെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കുന്നതിൽ നിന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ വിട്ടുനിന്നു. ഔദ്യോഗിക പക്ഷത്തെ നേതാക്കളാണ് വിമാനത്താവളത്തിൽ എത്താതെ മാറിനിന്ന് അതൃപ്തി പ്രകടമാക്കിയത്.
അതേസമയം, സംസ്ഥാന വൈസ് പ്രസിഡന്റും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനുമായ എ എൻ രാധാകൃഷ്ണനും കോർ- കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമുതൽ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും വിമാനത്താവളത്തിലെത്തി. വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയിട്ടുള്ള കൃഷ്ണദാസ് പക്ഷത്തെ പി ആർ ശിവശങ്കരനും എത്തിയിരുന്നു.
അതേസമയം, കേരളത്തിലെ ഔദ്യോഗിക നേതൃത്വവുമായി അടുപ്പമുള്ള പാർട്ടി കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രമുഖന്റെ നിർദേശപ്രകാരമാണ് ഔദ്യോഗികപക്ഷം മാറിനിന്നതെന്ന സംസാരം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഗവർണറായി ചുമതലയേറ്റപ്പോൾ ബംഗാൾ ഘടകത്തിലെ ചില പ്രമുഖരും മലയാളിയല്ലാത്ത ഈ ഉന്നതന്റെ നിർദേശപ്രകാരം മാറിനിന്നിരുന്നു.
Also Read- ലെഗ്ഗിൻസ് വിവാദം: അധ്യാപികയായ സരിത രവീന്ദ്രനാഥ് വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി
ഒരു മലയാളിക്ക് പാർട്ടി നൽകിയ വലിയ ബഹുമതിയായിട്ടും ജില്ലാ പ്രസിഡന്റുപോലും സ്വീകരിക്കാനെത്തിയില്ല. ഗവർണർ വരുന്നതിന്റെ വിവരങ്ങൾ മുൻകൂട്ടിത്തന്നെ തയാറാക്കി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
ആനന്ദബോസിനെ ഗവർണറാക്കിയത് സംസ്ഥാന നേതൃത്വമോ പാർട്ടിയിലെ മുരളീധരൻ പക്ഷമോ അറിയാതെയായിരുന്നു. ഇക്കാര്യത്തിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആനന്ദബോസ് സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.