നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നേതൃത്വം കണ്ണുരുട്ടി; നൂര്‍ബിന റഷീദിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ലീഗുകാര്‍ സ്ഥലം വിട്ടു

  നേതൃത്വം കണ്ണുരുട്ടി; നൂര്‍ബിന റഷീദിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ലീഗുകാര്‍ സ്ഥലം വിട്ടു

  മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ ഏക വനിതയാണ് നൂര്‍ബിന റഷീദ്

  നൂര്‍ബിന

  നൂര്‍ബിന

  • Share this:
  കോഴിക്കോട്: നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതോടെ ലീഗിനകത്ത് കലാപക്കൊടി ഉയര്‍ന്നിരുന്നു. എം.കെ. മുനീര്‍ സൗത്തില്‍ നിന്ന് കൊടുവള്ളിയിലേക്ക് പോയാല്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല.

  അപ്രതീക്ഷിതമായി നൂര്‍ബിന റഷീദ് സ്ഥാനാര്‍ഥിയായതോടെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു. നൂര്‍ബിനയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയായിരുന്നു യോഗം. ലീഗ് മണ്ഡലം കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

  ഇതിനിടെ നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. യോഗം അവസാനിപ്പിച്ച് സ്ഥലം വിട്ടില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന ഘട്ടത്തില്‍ ലീഗ് മണ്ഡലം കമ്മിറ്റിക്കാര്‍ സ്ഥലം വിട്ടു. തര്‍ക്കം പരിഹരിച്ചെന്നും നൂര്‍ബിനയ്ക്ക് വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് എസ്.വി. ഉസ്മാന്‍കോയ പറഞ്ഞു.

  കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസം നേതൃത്വം ഇടപെട്ട് പരിഹരിച്ചെന്ന് ഇവര്‍ പറഞ്ഞു.

  കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി നൂര്‍ബിന റഷീദിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഭാരവാഹികള്‍ അറിയിച്ചത്. ഇന്നലെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ ഇടം നേടിയ ഏക വനിതയാണ് നൂര്‍ബിന റഷീദ്.

  നിയമസഭയില്‍ ഇതുവരെ മുസ്ലിം ലീഗിന് 178 പ്രതിനിധികളുണ്ടായിട്ടുണ്ട്. ഇവരിൽ ഒരു വനിതാ പ്രതിനിധിപോലും ഉണ്ടായിരുന്നില്ല. 1996ല്‍ ഖമറുന്നിസ അന്‍വറായിരുന്നു നിയമസഭയിലേക്കുള്ള മുസ്ലിം ലീഗിന്റെ പ്രഥമ വനിതാ സ്ഥാനാര്‍ഥി. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഖമറുന്നിസ പക്ഷേ കോഴിക്കോട് രണ്ടില്‍ എളമരം കരീമിനോട് പരാജയപ്പെടുകയായിരുന്നു.

  രണ്ടര പതിറ്റാണ്ടു കാലം വനിതാ സ്ഥാനാര്‍ഥിയെക്കുറിച്ച് മുസ്ലിം ലീഗ് ആലോചിച്ചതേയില്ല. സമസ്തയുടെ ശക്തമായ എതിര്‍പ്പും ലീഗിലെ പുരുഷമേധാവിത്വവുമായിരുന്നു ഇതിന് കാരണം.

  എന്നാല്‍ 25 വര്‍ഷത്തിന് ശേഷം നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായിരിക്കുന്നു. സമസ്തയുടെ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ കാലങ്ങളില്‍ വനിതകള്‍ക്ക് ലീഗ് സീറ്റ് നിഷേധിച്ചത്. വനിതകളെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സമസ്ത നേതാക്കള്‍ തന്നെ വ്യക്തമാക്കിയതോടെയാണ് നൂര്‍ബിനയ്ക്ക് നറുക്ക് വീണത്.

  വരും കാലങ്ങളില്‍ കൂടുതല്‍ വനിതകള്‍ക്ക് പാര്‍ട്ടി അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് നൂര്‍ബിന വ്യക്തമാക്കി. മുസ്ലിം ലീഗിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്ത്. സിപിഎമ്മിനും ശക്തമായ അടിത്തറയുള്ള സ്ഥലം. എം.കെ. മുനീര്‍ 6327 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണിത്.

  Summary: For the first time in 25 years, the Indian Union Muslim League (IUML), a key ally of the Congress-led United Democratic Front, is fielding a woman candidate in the Assembly Elections in Kerala. However, a section of IUML workers expresses remorse over the candidature of Noorbina Rasheed. They were warned by the party leadership to backtrack
  Published by:user_57
  First published:
  )}