തിരുവനന്തപുരം: കോവളം ബൈപാസിനൽ മുക്കോല പാതയിൽ പാലത്തിനു സമീപം അജ്ഞാത ബൈക്ക് ഇടിച്ചു നാലു വയസ്സുകാരൻ മരിച്ചത് ബൈക് റേസിങ്ങിനിടെയെന്ന് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക് ആണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പൊലീസ് കരമനയിലെ ഒരു വർക് ഷോപ്പിൽ നിന്നു കസ്റ്റഡിയിൽ എടുത്തിരുന്നു.
മുഹമ്മദ് ആഷിക് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് കഴിഞ്ഞ 30ന് രാത്രി കോവളം ആഴാകുളം പെരുമരം എംഎ വിഹാറിൽ ഷൺമുഖ സുന്ദരം-സി.എൽ. അഞ്ജു ദമ്പതിമാരുടെ ഇളയ മകൻ യുവാ (4) മരിച്ചത്. ഭക്ഷണവും കളിപ്പാട്ട ഫോണും വാങ്ങാൻ മാതാവിനൊപ്പം പോയി ബൈപാസിന്റെ പോക്കറ്റ് റോഡ് ഭാഗത്തെ ഇരുട്ടു നിറഞ്ഞ പാത മുറിച്ചു കടക്കുമ്പോഴായിരുന്നു കുട്ടിയെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചു വീഴ്ത്തിയത്.
നിറുത്താതെ പോയ ബൈക്കിനായി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്‍റേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്ന് വാഹനം ആഡംബര ബൈക്ക് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
സി സി സിടി വിയും ബൈക്ക് ഷോറൂമുകളും സർവീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കരമനയിലെ വർക്ഷോപ്പിൽ നിന്നും പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തത്. വാഹന ഉടമയെ ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. പേടികാരണമാണ് പോലീസിൽ കീഴടങ്ങാത്തതെന്ന് മുഹമ്മദ് ആഷിഖ് സമ്മതിച്ചതായി കോവളം എസ് എച്ച് ഒ എസ്. ബിജോയ് പറഞ്ഞു. യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Bike accident, Crime news, Thiruvananthapuram