HOME /NEWS /Kerala / മലപ്പുറത്ത് സദാചാരഗുണ്ടകളുടെ മർദനത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കിയ നിലയിൽ

മലപ്പുറത്ത് സദാചാരഗുണ്ടകളുടെ മർദനത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കിയ നിലയിൽ

സുരേഷ് ചാലിയം

സുരേഷ് ചാലിയം

ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനായി സുരേഷ് ചാലിയത്ത് പ്രവർത്തിച്ചിരുന്നു. 

  • Share this:

    മലപ്പുറം: സദാചാര പോലീസിംഗിനെ തുടർന്ന് അധ്യാപകൻ ജീവനൊടുക്കിയതായി ആക്ഷേപം.മലപ്പുറം വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ചിത്രകല അധ്യാപകന്‍  വേങ്ങര ആശാരിപ്പടി മൂര്‍ത്തി നഹ്മത്ത് നഗര്‍ സ്വദേശി സുരേഷ് കുമാറാണ് (സുരേഷ് ചാലിയം) മരിച്ചത്.  52 വയസ്സായിരുന്നു. വാട്ട്സ്ആപ്പ് വഴി വിദ്യാർത്ഥിയുടെ അമ്മയോട് ചാറ്റ് ചെയ്തു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം ഇദ്ദേഹത്തെ മർദിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുരേഷ് ജീവനൊടുക്കിയത് എന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു.

    സിനിമാ സാംസ്കാരിക മേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവർത്തിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും.

    ഇന്ന് രാവിലെ ആണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.  ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുരേഷ് കുമാറിനെ മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പ്രകാശ് പറഞ്ഞു. അവിഹിതം ആരോപിച്ചാണ് ആക്രമിച്ചത്. വാട്ട്സ്ആപ്പ് വഴി വിദ്യാർത്ഥിയുടെ അമ്മയോട് സുരേഷ് മാഷ് ചാറ്റ് ചെയ്തു എന്ന് ആയിരുന്നു ആരോപണം. മർദിക്കുന്നത് നാട്ടുകാർ തടഞ്ഞതോടെ കാറിൽ കയറ്റി പി ടി എ പ്രസിഡൻ്റിൻ്റെ വീട്ടിലേക്ക് കൊണ്ട് പോകുക ആയിരുന്നു.

    പി ടി എ പ്രസിഡന്റിന്റെ വീട്ടിലെത്തിച്ച ശേഷവും ക്രൂരമായി മര്‍ദ്ദിച്ചു എന്ന് ആണ് സുരേഷ് മാഷിൻ്റെ കുടുംബാംഗങ്ങൾ പറയുന്നത്. മുഖത്തും കൈക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ സുരേഷ് കുമാറിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കയ്യിലെ മുറിവിന് തുന്നൽ ഇടുകയും ചെയ്തു. രാത്രി വീട്ടിൽ എത്തിയ സുരേഷ്  ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയത് എന്ന് സഹോദരൻ പ്രകാശ് പറയുന്നു. പ്രദേശവാസികൾ തന്നെയാണ് മർദിച്ചത് . ഇവർക്ക് എതിരെ നടപടി വേണം എന്ന ആവശ്യം ശക്തമാണ്.

    അതേസമയം സുരേഷ് ചാലിയത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്ന് നാട്ടുകാർ പറയുന്നു. "അദ്ദേഹത്തെ വർഷങ്ങളായി അറിയാം. വളരെ മാന്യമായി മാത്രം പെരുമാറുന്ന ആളാണ്. മറ്റുള്ളവർ പറയുന്നതിന് ഒന്നും ഒരു കാര്യവും ഇല്ല. " പ്രദേശവാസി ആയ സിദ്ദീഖ് പറയുന്നു.  അതി ക്രൂരമായി ആണ്  സുരേഷ് മാഷിനെ മർദിച്ചത് എന്ന് ദൃക്സാക്ഷി ആയ ഹംസ പറഞ്ഞു. " ഇന്നലെ ഉച്ചയോടെ ആണ് ഒരു 10-15 പേര് വന്നത്. അവർ മാഷിൻ്റെ നമ്പർ ചോദിച്ചു, വിളിച്ച് വരുത്തി. മാഷ് വഴിയിലൂടെ നടന്നു വരുന്നത് കണ്ട് അവർ നേരെ ചെന്ന് ആക്രമിക്കുക ആയിരുന്നു. രണ്ട് വശത്ത് നിന്നും അടിക്കുക ആയിരുന്നു. ഞങ്ങൾ തടുത്ത് എന്തിനാണ് തല്ലുന്നത് എന്ന് ചോദിച്ചു. അപ്പോൾ ഓൺലൈൻ ക്ലാസിലെ എന്തോ പ്രശ്നമാണ് എന്ന് പറഞ്ഞു. അപ്പോഴേക്കും സാറിൻ്റെ സഹോദരൻ പ്രകാശൻ വന്നു. പി ടി എ പ്രസിഡൻ്റിൻ്റെ അടുത്ത് പോകാം എന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ട് പോയി. അവിടെ നിന്നും അവർ മർദിച്ചു എന്ന് ആണ് അറിയുന്നത്. മാഷിൻ്റെ ഫോൺ ഇപ്പോഴും അവരുടെ കയ്യിൽ ആണ് , അതിൽ വോയ്സ് ക്ലിപ്പ് ഉണ്ടെന്ന് ആണ് അവർ പറയുന്നത്. മാഷിനെ പറ്റി ഈ പറയുന്ന രീതിയിൽ ഒന്നും വിശ്വസിക്കാൻ വയ്യ... " ഹംസ പറഞ്ഞു.

    സംഭവത്തില്‍ വേങ്ങര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. മറ്റ് കാര്യങ്ങൾ അന്വേഷിക്കുക ആണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.നളിനി മാതാവും പ്രജീത ഭാര്യയുമാണ്. ദേവസൂര്യ, ധ്യാന്‍ ചന്ദ്ര എന്നിവര്‍ മക്കളും ഷാജി മറ്റൊരു സഹോദരനുമാണ്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    First published:

    Tags: Malappuram, Moral police, Moral police attack, Suresh Chaliyath