സുശാന്ത് വടകര
കോഴിക്കോട്: രണ്ട് തവണ ആക്രമണമുണ്ടായ വീടിന് മുന്നിൽ റീത്തും ഭീഷണിക്കത്തും. വടകര കീഴലിലെ കുളങ്ങരക്കണ്ടി കൃഷ്ണദാസിന്റെ വീടിന്റെ ഗേറ്റിന് സമീപമാണ് റീത്ത് വെച്ചത്. മുമ്പ് വീടിന് നേരെ കല്ലേറാണുണ്ടായിരുന്നു.
രാത്രി പതിനൊന്ന് മണിക്കാണ് ഗേറ്റ് അടച്ചത്. അതിന് ശേഷമാണ് ഭീഷണി കത്തും റീത്തും വെച്ചതെന്ന് കരുതുന്നു. കൃഷ്ണദാസിന്റെ മകളുടെ ഭർത്താവിന്റെ അച്ഛൻ രവീന്ദ്രനെയാണ് ഭീഷണിക്കത്തിൽ പരാമർശിക്കുന്നത്. മകന്റെ കൈവെട്ടുമെന്നാണ് ഭീഷണി. പി. എം. രവീന്ദ്രൻ വടകര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറിയാണ്. കൃഷ്ണദാസിന്റെ വീടിന് നേരെ രണ്ട് തവണ മുമ്പ് കല്ലേറ് നടന്നിരുന്നു.
ഇതിന്റെ സി.സി.ടി.വി ദൃശ്യത്തിൽ കല്ലെറിയുന്നയാളെ കണ്ടെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. പി.എം. രവീന്ദ്രന്റെ വീടും വാഹനങ്ങളും അടിച്ചു തകർത്തിരുന്നു. ഈ കേസിലും അറസ്റ്റ് നടന്നില്ല.
വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്, ജീവന് ഭീഷണിയായ സാഹചര്യത്തിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് എസ് എൻ ഡി പി യോഗം നേതാക്കൾ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.