നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു

  കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു

  വീടിന് അടുത്തായി കിണറിന് വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. മഴയെത്തുടര്‍ന്ന് കിണറിന്‍റെ പണി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

  child-death

  child-death

  • Share this:
   കണ്ണൂര്‍: വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ (Kannur) ഇരിക്കൂറിലാണ് മൂന്നു വയസുകാരൻ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മല്‍ സജിദിന്‍റെ മകന്‍ നസല്‍ ആണ് മരിച്ചത്. വീടിന് അടുത്തായി കിണറിന് (Well) വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. മഴയെത്തുടര്‍ന്ന് (Kerala Rain) കിണറിന്‍റെ പണി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്.

   കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   ദക്ഷിണകേരളത്തില്‍ മഴക്കെടുതി; കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം

   സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

   പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യത

   പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

   വെള്ളപ്പൊക്ക മേഖലകളില്‍ ഉള്ളവര്‍ ആവശ്യം വന്നാല്‍ മാറി താമസിക്കാന്‍ സജ്ജരാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

   പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 18 വരെ നിരോധിച്ചിരിക്കുകയാണ്. ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15) രാത്രി യാത്ര നിരോധിച്ചു ജില്ല കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

   പന്തളം ചേരിക്കല്‍ നെല്ലിക്കല്‍ ഭാഗത്ത് 6 ഓളം വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. ശാസ്തവട്ടം ക്ഷേത്രത്തിന് എതിര്‍വശത്തുള്ള 3 വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചു.

   അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ കുന്നിട വേട്ടമല ഭാഗത്ത് ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് രണ്ടു വീടുകള്‍ക്ക് ചെറിയതോതില്‍ നാശനഷ്ടമുണ്ടായി. മങ്ങാട് ഒരുവീട്ടില്‍ താഴത്തെ നിലയില്‍ വെള്ളംകയറി. കുടുംബാംഗങ്ങള്‍ മുകളിലത്തെ നിലയിലാണ് ഇപ്പോള്‍. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചിട്ടുണ്ട്.

   നാരങ്ങാനം, മോഡിയില്‍ഭാഗം മോഹന സദനത്തില്‍ മിനിയുടെ വീടിന്റെ മുകളിലേക്കു സമീപ പുരയിടത്തിലെ മരം ഒടിഞ്ഞു വീണു മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ആളപായമില്ല. മിനിയെയും മകനെയും ബന്ധു വീട്ടിലേക്കു മാറ്റിപാര്‍പ്പിച്ചു.

   കോട്ടയത്ത്‌ വ്യാപകമഴ

   കോട്ടയം ജില്ലയില്‍ വ്യാപകമായി മഴ പെയ്തിരുന്നെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ ക്യാമ്പുകള്‍ തുടരുകയാണ്.

   കഴിഞ്ഞ രാത്രിയില്‍ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി വില്ലേജില്‍ പെരുന്ന ഗവ.'എല്‍.പി.സ്‌കൂളില്‍ ഒരു പുതിയ ക്യാമ്പുകൂടി തുറന്നു.

   എറാണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍

   എറാണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്.

   കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് സമീപമാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ പെട്ട തങ്കരാജിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

   ഇടുക്കിയില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

   ജില്ലയിലെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും.

   മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാമുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

   Also Read - മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി; ഷട്ടറുകള്‍ വീണ്ടും തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത

   തിരുവനന്തപുരത്ത്‌ അതീവ ജാഗ്രതാ നിര്‍ദേശം 

   ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ക്വാറി മൈനിങ് പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്.

   വട്ടിയൂർക്കാവിന് സമീപം കാഞ്ഞിരംപാറയിൽ വീട് തകർന്ന്
   ഒരു കുട്ടിക്ക് പരിക്ക്. പുലർച്ചെയായിരുന്നു സംഭവം.
   Published by:Anuraj GR
   First published:
   )}