• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

എറണാകുളത്ത് നിന്ന് തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്

  • Share this:
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു. ബസിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. എറണാകുളം ബസ് സ്റ്റാൻഡിന് സമീപം ചിറ്റൂരിലാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബസിൽ 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

തിങ്കളാഴ്ച അർദ്ധരാത്രിയിൽ എറണാകുളം ഡിപ്പോയിൽനിന്ന് ബസ് പുറപ്പെട്ട് അര കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ടയർ ഊരിത്തെറിച്ചത്. അപകടം ഉണ്ടായപ്പോൾ ബസിന്‍റെ വേഗം വളരെ കുറവായതുകൊണ്ടും റോഡിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.

ഊരിത്തെറിച്ച ബസിന്‍റെ ടയർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചാണ് നിന്നത്. കാറിന് നേരിയ കേടുപാടുകളുണ്ട്. എറണാകുളം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാർ എത്തി ടയർ മാറ്റിയിട്ടശേഷമാണ് യാത്ര തുടർന്നത്.

Also Read- ഓടുന്നതിനിടെ KSRTC ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കഴിഞ്ഞ ആഴ്ചയും കെ എസ് ആർ ടി സി ബസിന്‍റെ ടയർ ഊരിത്തെറിച്ച സംഭവം ഉണ്ടായിരുന്നു. തിരുവനന്തപുരം വെടിവെച്ചാൻകോവിലിൽവെച്ച് വിഴിഞ്ഞം ഡിപ്പോയിലെ ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്. വിഴിഞ്ഞത്തുനിന്ന് നാഗർകോവിലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിർത്തിയതിനാലാണ് അപകടം ഒഴിവായത്.

അടിക്കടി ബസിന്‍റെ ടയർ ഊരിത്തെറിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇക്കാര്യത്തിൽ കെഎസ്ആർടിസി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
Published by:Anuraj GR
First published: