HOME » NEWS » Kerala » A TOTAL OF 146 PEOPLE FLEW TO THE UAE ON MONDAY AFTER THE RAPID COVID TEST BECAME POSSIBLE

റാപിഡ് പി.സി.ആര്‍ കേന്ദ്രം അനുഗ്രഹമായി; കൊച്ചിയില്‍ നിന്ന് തിങ്കളാഴ്ച യു.എ.ഇയിലേയ്ക്ക് പറന്നത് 146 പേര്‍

സിയാല്‍ മൂന്നാം ടെര്‍മിനലില്‍ സ്ഥാപിച്ചിട്ടുള്ള റാപിഡ് പി.സി.ആര്‍ കേന്ദ്രത്തില്‍ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും

News18 Malayalam | news18-malayalam
Updated: July 5, 2021, 8:25 PM IST
റാപിഡ് പി.സി.ആര്‍ കേന്ദ്രം അനുഗ്രഹമായി; കൊച്ചിയില്‍ നിന്ന് തിങ്കളാഴ്ച യു.എ.ഇയിലേയ്ക്ക് പറന്നത് 146 പേര്‍
News18 Malayalam
  • Share this:
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ച റാപ്പിഡ് പി.സി.ആര്‍ പരിശോധനാകേന്ദ്രം ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമായി. അതിവേഗ കോവിഡ് പരിശോധന സാധ്യമായതോടെ തിങ്കളാഴ്ച 146 പേരാണ് യു.എ.ഇയിലേയ്ക്ക് പറന്നത്. കോവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തില്‍ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ട്.

കേന്ദ്രസര്‍ക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണ് നിലവില്‍ പരിമിതമായ തോതില്‍ വിദേശയാത്ര സാധ്യമാവുന്നത്. ഇതിനിടയില്‍ ജൂണ്‍ 19 ന് ദുബായ് സുപ്രീം അതോററ്റി ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രവാസികള്‍ക്ക് ആശ്വാസമായി. യാത്രപുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലമുണ്ടെങ്കില്‍ ഇന്ത്യാക്കാര്‍ക്ക് യു.എ.ഇയിലേയ്ക്ക് യാത്രചെയ്യാമെന്നായിരുന്നു നിര്‍ദേശം.

Also Read-കൊടകര കുഴല്‍പ്പണ കേസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍

നിര്‍ദേശം വന്നതോടെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസിന്റെ ഇടപെടലില്‍ കൊച്ചി വിമാനത്താവളത്തില്‍ റാപിഡ് പി.സി.ആര്‍ പരിശോധനകേന്ദ്രം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അംഗീകരിച്ച ലാബ് ജൂണ്‍ 28 ന് സിയാലില്‍ സ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ 8.15 ന് പുറപ്പെട്ട എത്തിഹാദ് വിമാനത്തില്‍ 146 പേരാണ് യു.എ.ഇയിലേയ്ക്ക് മടങ്ങിപ്പോയത്.

സിയാല്‍ മൂന്നാം ടെര്‍മിനലില്‍ സ്ഥാപിച്ചിട്ടുള്ള റാപിഡ് പി.സി.ആര്‍ കേന്ദ്രത്തില്‍ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. റാപിഡ് പിസിആര്‍ കേന്ദ്രത്തിന് പുറമെ സിയാലില്‍ അന്താരാഷ്ട-ആഭ്യന്തര അറൈവല്‍ ഭാഗത്ത് മൂന്ന് ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

യു.എ.ഇ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചവര്‍ക്കാണ് നിലവില്‍ റാപിഡ് പി.സി.ആര്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് യാത്ര പോകാവുന്നത്. പ്രത്യേക അനുമതി എന്ന നിബന്ധനയില്‍ വൈകാതെ ഇളവ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദുബായില്‍ എത്തുന്ന യാത്രക്കാര്‍ വീണ്ടും ആര്‍ടിപിസിആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍  ക്വാറന്റൈനിലിരിക്കുകയും വേണം.

Also Read-ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ മാണി ഇടതുമുന്നണിക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കണം; വെല്ലുവിളിച്ച് പിസി ജോര്‍ജ്

അതേസമയം കൊച്ചി വിമാനത്താവളത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുന്നതിനായി ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. വിമാനത്താവളത്തിന്റെ പരിസരമേഖലയില്‍ 26 ഇടങ്ങളിലാണ് സിയാല്‍ പദ്ധതികള്‍ നടത്തുന്നത്. സിയാല്‍ 130 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കുന്നത്.

പെരിയാറില്‍ നിന്ന് ചെങ്ങല്‍തോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാന്‍ പണികഴിപ്പിച്ച ഡൈവേര്‍ഷന്‍ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഡൈവേര്‍ഷന്‍ കനാല്‍ പുനരുദ്ധരിക്കുന്നത്. ഓഗസ്റ്റിന് മുമ്പ് വെള്ളപ്പൊക്ക നിവാരണപദ്ധതി പൂര്‍ത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ കൂടിയായ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പ്രത്യേക അവലോകനം നടത്തി വരികയാണ്. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചെയ്യുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതികളുമായി സംയോജിപ്പിച്ച് സിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

'ഓപ്പറേഷന്‍ പ്രവാഹ്' എന്ന പേരിലാവും ഈ സംയോജിത വെള്ളപ്പൊക്ക പദ്ധതി നടപ്പിലാക്കുക. ഒന്നാംഘട്ടം ഈ മാസംതന്നെ പൂര്‍ത്തിയാക്കും. റണ്‍വെയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുകൊണ്ടുള്ള പമ്പിങ് സംവിധാനവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
Published by: Jayesh Krishnan
First published: July 5, 2021, 8:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories