• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു

താമരശേരി ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്

Scooter-accident

Scooter-accident

  • Share this:
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. യാത്രക്കാരർ ഒടിഞ്ഞു വീണ മരക്കൊമ്പിനടിയിൽ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. താമരശേരി ചുരത്തിൽവെച്ചാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണത്.

താമരശേരി ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. മരം ഒടിഞ്ഞു വീണതോടെ സ്കൂട്ടർ നിയന്ത്രണം തെറ്റി, റോഡിന് വശത്തേക്ക് മറിയുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേർ മരക്കൊമ്പിന് അടിയിൽ പെടുകയും ചെയ്തു. നിസാര പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ ഒരു മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.

അപകടം ഉണ്ടായ ഉടൻ സമീപവാസികളും അതുവഴി വന്ന യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടിപ്പര്‍ ഉപയോഗിച്ച്‌ മരം റോഡരികിലേക്ക് തള്ളിമാറ്റി ഗതാഗതം ഭാഗികമായി പുനഃ:സ്ഥാപിക്കുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരം മുറിച്ച്‌ മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായത്.

നാലുകോടിയോളം രൂപയും 100 പവൻ സ്വർണവും തട്ടിയെടുത്ത് ഫിനാൻസ് സ്ഥാപന ഉടമ നാടുവിട്ടു

നാലു കോടിയോളം രൂപയും നൂറു പവൻ സ്വർണവും തട്ടിയെടുത്ത് ഫിനാൻസ് സ്ഥാപന ഉടമ നാടുവിട്ടതായി പരാതി. കൊല്ലം ഓയൂരിലെ കാർത്തിക ഫിനാൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമ പൊന്നപ്പൻ, ഭാര്യ ശാന്തകുമാരി എന്നിവർ സംസ്ഥാനം വിട്ടതായാണ് സൂചന.

ഓയൂരിലെ ഫിനാൻസ് സ്ഥാപനത്തിന്‍റെ ഉടമയുടെ കുടുംബത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നതായാണ് ആക്ഷേപം. സ്വർണ്ണപ്പണയവും നിക്ഷേപം നടത്തിയതുമായ 57 പേരുടെ പരാതികൾ പോലീസിന് ലഭിച്ചു. നാലു കോടിയോളം രൂപയും നൂറ് പവനും നഷ്ടപ്പെട്ടതായാണ് സൂചന. വരും ദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണം ഉയരുമെന്നു കരുതുന്നു.

ഓയൂർ ജംഗ്ഷനിലും മരുതമൺപള്ളി ജംഗ്ഷനിലും കാർത്തിക ഫൈനാൻസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന മരുതമൺപള്ളി കോഴിക്കോട് കാർത്തികയിൽ പൊന്നപ്പൻ, ഇയാളുടെ ഭാര്യ ശാന്തകുമാരി എന്നിവരെയാണ് കഴിഞ്ഞ 31 മുതൽ കാണാതായത്. കഴിഞ്ഞ 30 വർഷമായി ഫിനാൻസ് നടത്തിവരുന്ന പൊന്നപ്പൻ നാട്ടുകാരുടെ വിശ്വാസ്യത ആർജിച്ച് വൻതുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്.

വീട് വയ്ക്കുന്നതിനും വിവാഹ ആവശ്യങ്ങൾക്കും നിക്ഷേപം നടത്തിയിരുന്നവർ ഏറെയാണ്. സർവ്വീസിൽ നിന്നും പിരിഞ്ഞപ്പോൾ ഉൾപ്പെടെയുള്ള വൻ തുകകളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ ആറു മാസം മുൻപ് പല ആവശ്യങ്ങൾക്കായി നിക്ഷേപം പിൻവലിക്കാനെത്തിയവരോട് പല കാരണങ്ങൾ പറഞ്ഞ് അവധിയ്ക്ക് വയ്ക്കുകയായിരുന്നു.

Also Read- ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം സുഹൃത്തുക്കൾക്കൊപ്പം മുങ്ങി; യുവാവിന് ലക്ഷങ്ങളുടെ നഷ്ടം

കഴിഞ്ഞ 31നാണ് മിക്ക ആളുകളോടും നിക്ഷേപം മടക്കി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നത്. അതു പോലെ ഇവിടെ സ്വർണ്ണം പണയം വച്ചിരുന്ന നിരവധി ആളുകൾ സ്വർണ്ണം തിരികെ എടുക്കുന്നതിനു വേണ്ടി കടമെടുത്ത പൈസയും പലിശയും അടക്കുകയും ചെയ്തു. ഇവരോടൊക്കെ 31 ന് എത്തിയാൽ സ്വർണ്ണം നൽകാമെന്ന് ഉറപ്പ് നൽകിയതിൻ പ്രകാരം ഇടപാടുകാർ എത്തിയപ്പോഴാണ് ഫൈനാൻസ് ഉടമയും കുടുംബവും മുങ്ങിയതായി അറിയുന്നത്. തുടർന്നാണ് പൂയപ്പള്ളി പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.

ഇവരുടെ ഉടമസ്ഥതയിൽ മൂന്നു കാറുകളാണുള്ളത്. ഇവർ കാറുകൾ ഉപേക്ഷിച്ചിട്ടാണ് പോയിട്ടുള്ളത്. സ്വന്തം വാഹനങ്ങളും, മൊബൈൽ ഫോണുളും ഉപയോഗിക്കാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇവരുടെ രണ്ട് മക്കൾ വിദേശത്താണ്. ആയതിനാൽ വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.

അടുത്തിടെ നടന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലും പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 100 കോടിയിലധികം രൂപ ഇടപാടുകാർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കാർത്തിക ഫിനാൻസ് ഉടമകളെ കാണാതായിട്ട് ആറു ദിവസം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിക്കാതായതോടെ കൂടുതൽ അങ്കലാപ്പിലായിരിക്കുകയാണ് നിക്ഷേപകർ. പൊന്നപ്പന്‍റെയും ഭാര്യയുടെയും ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അവരുടെ മൊബൈൽ ഫോൺ കോളുകളും സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് പരിശോധിച്ച് വരികയാണ്.
Published by:Anuraj GR
First published: