കോട്ടയം: ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. വീട്ടിനുള്ളിലെ വൈദ്യുതിബന്ധം പൂർണമായും കത്തിനശിച്ചു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപ്പാറയിലാണ് സംഭവം. ചിറ്റാനപ്പാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. വീടിന്റെ മതിൽ തകരുകയും മുറ്റത്തെ ഇന്റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് ഉയർന്നുപൊങ്ങുകയും ചെയ്തു.
ശക്തമായ ഇടിമിന്നലിൽ രണ്ടാം നിലയുടെ മേൽക്കൂരയിൽ പാകിയ ഓടും തകർന്നിട്ടുണ്ട്. വീടിന്റെ മുൻവശത്തെ മതിൽ ഇടിമിന്നലേറ്റ് പൂർണമായും തകർന്ന നിലയിലാണ്. ഇന്റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായത്. ഇടിമിന്നലിൽ വീട്ടിലെ വൈദ്യുതിബന്ധം പൂർണമായും കത്തിനശിച്ചു. വൈദ്യുതോപകരണങ്ങൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. പ്രദേശത്തും വ്യാപകനാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇടിമിന്നലിലും മഴയിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.